കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ നാഷണൽ പെർമിറ്റ് വ്യവസ്ഥകൾ ലഘൂകരിച്ചതിലൂടെ പെർമിറ്റ് നേടി അന്തർസംസ്ഥാന സർവീസുകൾ നടത്താൻ കൂടുതൽ സ്വകാര്യ ബസുകൾ നീക്കം തുടങ്ങി. നാഷണൽ പെർമിറ്റ് നേടുന്ന സ്വകാര്യ ബസുകൾക്ക് റൂട്ട് പെർമിറ്റ് എടുക്കാതെ ദേശീയപാതകളിലൂടെയടക്കം സർവീസ് നടത്താം. ബോർഡ് വച്ച് നിശ്ചിത സ്റ്റോപ്പുകളിൽ നിറുത്തി സർവീസ് നടത്തുന്നത് യാത്രക്കാർക്ക് നേട്ടമാണ്. നിരക്കിലും കുറവ് വന്നേക്കാം.
എന്നാൽ, ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾ എത്തുന്നത് കെ.എസ്.എസ്.ആർ.ടിയെ ദോഷകരമായി ബാധിക്കും. വരുമാനത്തിലും കനത്ത തിരിച്ചടിയുണ്ടാകും.
ദീർഘദൂരപാതകളിൽ നിന്നും സ്വകാര്യബസുകളെ ഒഴിവാക്കുകയും, ഓർഡിനറി ബസുകളുടെ പരമാവധി യാത്രാദൂരം 140 കിലോമീറ്ററായി ചുരുക്കുകയും ചെയ്ത് കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ നിയമ പരിരക്ഷ നൽകിയിരുന്നു. ഇതാണ് കേന്ദ്ര വ്യവസ്ഥ ലഘൂകരിച്ചതിലൂടെ ഇല്ലാതാകുന്നത്. ഇപ്പോൾ തന്നെ കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ക്ലാസ് റൂട്ടുകളിലേക്ക് കേന്ദ്രനയ മറയാക്കി സ്വകാര്യ ബസുകൾ കടന്നുകയറിയിട്ടുണ്ട്.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് റോബിൻ എന്ന സ്വകാര്യ ബസ് ബോർഡ് വച്ച് സർവീസ് തുടങ്ങിയതിന് പിന്നാലെയാണ് മറ്റ് ബസുടമകളും നാഷണൽ പെർമിറ്റ് നേടാൻ ശ്രമം ആരംഭിച്ചത്. തമിഴ്നാട്ടിലെ തേനിയിൽ നിന്ന് കുമളി, എറണാകുളം വഴി തൃശൂർ വരെ പെർമിറ്റ് നേടാനും നടപടി ആരംഭിച്ചതായി റോബിൻ ബസുടമ ഗിരീഷ് പറഞ്ഞു.
നാഷണൽ പെർമിറ്റ് നേടിയുള്ള കോൺട്രാക്ട് കാര്യേജ് ബസുകളുടെ സർവീസ് തടയാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ഓൾ ഇന്ത്യ ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ സൗത്ത് ഇന്ത്യ പ്രസിഡന്റ് മനോജ് പടിക്കൽ പറഞ്ഞു. ഇതുസംബന്ധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീംകോടതി അംഗീകരിച്ചതാണ്. 3.60 ലക്ഷം രൂപയാണ് പെർമിറ്റ് ഫീസ്. പെർമിറ്റ് പ്രകാരം ബസ് കടന്നുപോകുന്ന സംസ്ഥാനങ്ങൾക്ക് ഫീസ് വിഹിതം കേന്ദ്രം വീതിച്ചുനൽകും. രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ നികുതിയും അടയ്ക്കണം.