ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മഴ ശമിക്കാൻ ‘ഡോൾഫിൻ’ ചൈന തൊടണം

കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനുപിന്നിൽ ശാന്തസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും. ഈ ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തികുറയും. ഇതിനുപുറമേ ഫിലിപ്പീൻസിന് സമീപത്തായി കുജിര ചുഴലിക്കാറ്റുമുണ്ട്.

ചുഴലിക്കാറ്റെന്നാൽ അതിശക്തമായ ന്യൂനമർദമാണ്. മർദം കുറഞ്ഞ ആ പ്രദേശത്തേക്ക് ചുറ്റുപാടുമുള്ള കാറ്റ് വലിക്കപ്പെടും. അറബിക്കടലിലെ കാറ്റ് അങ്ങോട്ടേക്ക് പ്രവഹിക്കുമ്പോൾ കേരളതീരത്തും ശക്തമായ കാറ്റ് അനുഭവപ്പെടും. ഇത് പശ്ചിമഘട്ട മലനിരകളിൽ തട്ടി മഴയാകും

അതിശക്തമായ ചുഴലിക്കാറ്റാണ് ഡോൾഫിൻ. ജൂലായ് 27-നാണ് ഡോൾഫിൻ രൂപംകൊണ്ടത്. 29-ന് ഇത് മണിക്കൂറിൽ 165 കിലോമീറ്റർ വേഗമുള്ള സൂപ്പർ ടൈഫൂൺ ആയി മാറി.

ഇതുകൂടാതെ നേരിട്ട് സ്വാധീനം ചെലുത്തുന്ന അന്തരീക്ഷഘടകങ്ങളും കേരളത്തിൽ ശക്തമായ മഴപെയ്യാൻ അനുകൂലമാണ്. തെക്കൻ കർണാടകം, തെക്കൻ തമിഴ്‌നാട്-പുതുച്ചേരി, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്കുമുകളിൽ ചക്രവാതച്ചുഴികളുണ്ട്. കേരളത്തിൽ ഞായറാഴ്‌ച മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം.