സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് (73 വയസ്സ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 25ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് അദ്ദേഹം ജനിച്ചത്. നര്‍മബോധംകൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയില്‍ തിളങ്ങിയ നായകനാണ് അദ്ദേഹം.
അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവ കോർത്തിണക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്നു. മധ്യവർഗ ജീവിതത്തെയും അവരുടെ ദൈനംദിന പ്രശ്നങ്ങളെയും ലളിതമായും എന്നാൽ രസകരമായും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ്റെ രീതി. ബുദ്ധിപരമായ തിരക്കഥകളും അവിസ്‌മരണീയമായ സംഭാഷണങ്ങളും അദ്ദേഹത്തിന്റെ സിനിമകളെ ജനപ്രിയമാക്കി.
1979-ൽ പുറത്തിറങ്ങിയ ‘സുവരില്ലാത ചിത്രങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്കൾ’, ‘ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്’, ‘മുന്താണൈ മുടിച്ച്’, ‘ചിന്ന വീട്’, ‘എങ്ക ചിന്ന രാസ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം തമിഴ് സിനിമയ്ക്ക് സമ്മാനിച്ചു. അഭിനയരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരനായ ഒരു നായക സങ്കൽപ്പത്തെയാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.
പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിൻ്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്.
