തിരുവോണത്തിന് ഒരു ദിനം ബാക്കി നില്‍ക്കെ അടുക്കളയിലേക്കുള്ള പച്ചക്കറികളും പലവ്യജ്ഞനങ്ങളും എത്തിക്കാനും ഓണക്കോടികൾ വാങ്ങാനുമുള്ള തിരക്കിലാണ് ഇന്ന് ഓരോ കുടുംബവും. അത്തം തുടങ്ങിയുള്ള പത്ത് ദിവസവും ഓണമാഘോഷിക്കാനുള്ള ഓട്ടത്തിലാണ് മലയാളികള്‍ എന്നിരുന്നാലും ആ ഓട്ടം മൂർദ്ധന്യാവസ്ഥയിൽ എത്തുന്ന ദിവസമാണ് ഉത്രാടം.
കാണം വിറ്റും ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയതോടെ, നാടും നഗരവും ഒരുപോലെ തിരക്കിലമരുന്നു. വിലക്കയറ്റമൊക്കെ കുടുംബബജറ്റിനെ താളം തെറ്റിച്ചെങ്കിലും ഓണാഘോഷത്തില്‍ പിന്നോട്ട് പോകാൻ മലയാളിയ്ക്കാവില്ല.
തുണിക്കടകളിലും പച്ചക്കറികടകളിലും കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ നീണ്ട നിരയുണ്ട്. ഓണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഓട്ടം എല്ലായിടത്തും കാണാം. ഓണം കളറാക്കാനുള്ള എല്ലാം ഒരുക്കങ്ങളും മലയാളിക്ക് ഏറെക്കുറെ സെറ്റായി കഴിഞ്ഞു. ഇനിയുള്ള മണിക്കൂറുകള്‍ സദ്യയൊരുക്കാനും പുത്തൻകോടിയുടുക്കാനുമുള്ളതാണ്.