ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. 39 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ എത്തുന്നത്.

99 വോട്ടുകളാണ് ഷാനിമോൾ ഉസ്മാന് ലഭിച്ചത്. 34 വോട്ടുകളാണ് മുഹമ്മദ് മുഹസിന് ലഭിച്ചത്. 35 അംഗ എൽഡിഎഫ് അംഗങ്ങളിൽ ഒരാൾ സഭയിൽ എത്തിയിരുന്നില്ല. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും ഇടത് എംഎൽഎ സി.കെ ഹരീന്ദ്രനും സഭയിൽ ഹാജാരായില്ല. എൻഡിഎയുടെ മൂന്ന് എംഎൽഎമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഷാനിമോൾ ഉസ്മാൻ പിന്നീട് കെപിസിസിയിലും എഐസിസിയിലും അംഗമായി. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ, ആലപ്പുഴ നഗരസഭാ മുൻ അധ്യക്ഷ എന്ന നിലയിലും പ്രവർത്തിച്ചു. 2019ൽ അരൂരിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയസഭയിൽ എത്തുന്നത്. 2026ൽ അരൂരിൽ നിന്ന് വീണ്ടും സഭയിൽ എത്തുകയായിരുന്നു.