അധിക ബാച്ചുകളും മാർജിനൽ സീറ്റുകളും മുൻകൂറായി അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനം പുതിയ സർക്കാർ അധികാരമേറ്റശേഷമേ ഉണ്ടാവുകയുള്ളൂവെങ്കിലും പ്ലസ് വൺ പ്രവേശനത്തിന് 25 മുതൽ അപേക്ഷിക്കാമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. എന്നാൽ, പ്രവേശന ടൈം ടേബിൾ അന്തിമമായിട്ടില്ല. 4.07 ലക്ഷം പേരാണ് എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയതെങ്കിലും ഹയർ സെക്കൻഡറിയിൽ 3,60,844 സീറ്റുകളും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 33,000 സീറ്റുകളുമാണ് നിലവിലുള്ളത്.
ആകെ 3.94 ലക്ഷം സീറ്റുകൾ. മുൻ വർഷങ്ങളിൽ മുൻകൂറായി നിലനിർത്തിയ അധിക സീറ്റുകളും താൽക്കാലിക ബാച്ചുകളും ഉൾപ്പെടുത്താതെയാണിത്. ഇതിനൊപ്പം പോളിടെക്നിക്കിൽ 30,545 സീറ്റുകളുണ്ട്. ഐടിഐ സീറ്റുകളുമുണ്ട്. ഓപ്പൺ സ്കൂൾ വഴി പ്ലസ് വൺ പഠനത്തിനും അവസരമുണ്ട്. ആവശ്യമനുസരിച്ച് മുൻ വർഷങ്ങളിലേതു പോലെ മാർജിനൽ സീറ്റുകളും താൽക്കാലിക ബാച്ചുകളും അനുവദിക്കുമെന്നും ഡയറക്ടർ പറഞ്ഞു.
