നഷ്ടമായ മൊബൈൽഫോൺ കണ്ടെത്താനും നിയമാനുസൃതമല്ലാത്ത കണക്ഷനുകൾ പിടിക്കാനും ‘സഞ്ചാർ സാഥി’ പോർട്ടൽ തുടങ്ങി. മൊബൈൽഫോൺ വരിക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് കേന്ദ്ര ടെലി കമ്യൂണിക്കേഷൻ മന്ത്രാലയം ആരംഭിച്ച പോർട്ടൽ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.
പ്രധാനമായും മൂന്ന് ഘടകങ്ങൾ ഉൾപ്പെട്ടതാണ് സഞ്ചാർ സാഥി. ടിഎഎഫ്സിഒപി (ടെലികോം അനലിറ്റിക്സ് ഫോർ ഫ്രോഡ് മാനേജ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ), സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐഎആർ) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. മൊബൈൽഫോൺ കണ്ടെത്താൻ സിഇഐഎആർ സഹായിക്കും. ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് പ്രവർത്തനം തടയാം. ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ കണ്ടെത്താനുമാകും. ഫോൺ തിരികെക്കിട്ടിയാൽ പോർട്ടൽവഴി വീണ്ടും പ്രവർത്തനസജ്ജമാക്കാം.
ടിഎഎഫ്സിഒപി വഴി വരിക്കാരന് സ്വന്തം പേരിലുള്ള കണക്ഷനുകളുടെ എണ്ണം പരിശോധിക്കാം. നിയമാനുസൃതമല്ലാത്ത കണക്ഷനുകളുണ്ടെങ്കിൽ പോർട്ടലിൽ റിപ്പോർട്ട് ചെയ്ത് വിച്ഛേദിക്കാം. ഉപഭോക്തൃസുരക്ഷ ഉൾപ്പെടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാനുമാകും. സംസ്ഥാന പൊലീസുമായി സഹകരിച്ചാണ് പ്രവർത്തനം.
സഞ്ചാർ സാഥി പോർട്ടൽ പൂർണമായി പ്രവർത്തനസജ്ജമായി. പോർട്ടൽ പ്രയോജനപ്പെടുത്തേണ്ട രീതി, സേവനങ്ങൾ, അപേക്ഷ സമർപ്പിക്കേണ്ട നടപടിക്രമങ്ങൾ എന്നിവ പ്രാദേശിക ഭാഷകളിലുൾപ്പെടെ ലഭ്യമാണ്. പോർട്ടൽ ഐഡി: https://sancharsaathi.gov.in/