ഉയർന്ന താപനില മുന്നറിയിപ്പ്; ഇന്നും വോട്ടെടുപ്പ് ദിനമായ നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും വോട്ടെടുപ്പ് ദിനമായ നാളെയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് ഉയർന്ന വേനൽ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആയതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

. നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പാദരക്ഷകൾ ധരിക്കുക.

. പ്രായമായവർ, ഹൃദ്രോഗം, പ്രമേഹം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർ, ചർമരോഗമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചൂട് മൂലമുള്ള പ്രശ്ന‌നങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.

. സ്ഥാനാർഥികൾ, മാധ്യമ പ്രവർത്തകർ, സുരക്ഷാ ചുമതലകളിലുള്ള പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ കൂടുതൽ സമയം ചൂടിൽ നിൽക്കേണ്ടി വരുന്നവർ നിർബന്ധമായും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

. നിർജലീകരണത്തിനു കാരണമാകുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയം പരമാവധി ഒഴിവാക്കുക.

. ഒ ആർ എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം, മോര് എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.

. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

. സാധ്യമായവർ സൺ ഗ്ലാസുകളും സൺസ്ക്രീനുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

. അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.

. തെരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പാക്കണം.

. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് ആംബുലൻസ്- 108, ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ : 1077 നമ്പറുകളിൽ ബന്ധപ്പെടാം.