സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയിലൂടെ ജില്ലകളിലെ 1,037 അംഗീകൃത ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 880, പട്ടികജാതി വിഭാഗത്തിൽ 103, പട്ടികവർഗ വിഭാഗത്തിൽ 54 വീതം ലൊക്കേഷനുകളിലാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. (ജില്ല തിരിച്ചുള്ള ഒഴിവുകൾക്ക് www.lbscentre.kerala.gov.in ലെ വിജ്ഞാപനം കാണുക).
യോഗ്യത: പ്ലസ്ടു. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവർ, വനിതകൾ, പട്ടികവിഭാഗക്കാർ, അപേക്ഷിക്കുന്ന ലൊക്കേഷനിൽ താഴത്തെ നിലയിലുള്ള 300 സ്ക്വയർ ഫീറ്റിൽ കുറയാത്ത സ്വന്തം/വാടക മുറി സൗകര്യമുള്ളവർ എന്നിവർക്കു പ്രത്യേക വെയ്റ്റേജ് ലഭിക്കും. എന്നിരുന്നാലും, അപേക്ഷ സമർപ്പിക്കുന്നതിന് കെട്ടിട സംബന്ധമായ വിവരങ്ങൾ നിർബന്ധമില്ല. പട്ടികവിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. പ്രസ്തുത വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
നിലവിലെ അക്ഷയ സംരംഭകർ, സംരംഭകത്വം റദ്ദു ചെയ്യപ്പെട്ടവർ എന്നിവർ അപേക്ഷിക്കേണ്ട. ഒരാൾ ഒന്നിൽക്കൂടുതൽ അപേക്ഷ സമർപ്പിക്കരുത്. സംരംഭകരായി തിരഞ്ഞെടുക്കപ്പെടുന്നവർ സമാന്തരമായി മറ്റു ജോലികളിൽ ഏർപ്പെടാൻ പാടില്ല.
∙പ്രായം: 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കഴിയാത്തവരും.
∙ഫീസ്: 750. ഓൺലൈനായി അടയ്ക്കണം.
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ അപേക്ഷ സമർപ്പണം, ഒഎംആർ പരീക്ഷ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 30, ഒഎംആർ പരീക്ഷയ്ക്ക് 40, ഇന്റർവ്യൂവിന് 30 എന്നിങ്ങനെ ആകെ 100 മാർക്ക് അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.
അപേക്ഷാ സമർപ്പണം
ഒരാൾക്കു പരമാവധി മൂന്ന് ലൊക്കേഷൻ വരെ നൽകാം, ഇതിൽ ആദ്യത്തേതിനാണു മുൻഗണന ലഭിക്കുക. എന്നാൽ, ഒഎംആർ പരീക്ഷയ്ക്ക് ഏതു ജില്ലയും തിരഞ്ഞെടുക്കാം. അപേക്ഷയിൽ പറയുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ/ബ്ലോക്ക്/ജില്ലയിൽ കുറഞ്ഞത് 2 വർഷം സ്ഥിരതാമസമുള്ളവർക്കും 5 ദിവസത്തിൽ കുറയാത്ത അംഗീകൃത ഓൻട്രപ്രനർഷിപ് ഡവലപ്മെന്റ് പ്രോഗ്രാം സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഗ്രേസ് മാർക്ക് ലഭിക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽ രേഖയുടെ സ്കാൻ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യണം. രേഖകളുടെ അസ്സൽ വെരിഫിക്കേഷൻ സമയത്തു ഹാജരാക്കണം.
സ്വന്തമായോ വാടകയ്ക്കോ 300 സ്ക്വയർ ഫീറ്റിൽ കുറയാത്ത കെട്ടിടം/കടമുറി ഉള്ളവർ, K-SMART പോർട്ടലിൽനിന്നു ലഭിക്കുന്ന ബിൽഡിങ് സർട്ടിഫിക്കറ്റ്, ഓണർഷിപ് സർട്ടിഫിക്കറ്റ്, വാടകക്കരാർ എന്നിവ സമർപ്പിക്കണം. ഈ കെട്ടിടം/ കടമുറി നിശ്ചിത ലൊക്കേഷനിൽ തന്നെയാകണം. മുറി സൗകര്യം കെട്ടിടത്തിന്റെ താഴത്തെ നിലയിലാകണം. കെട്ടിട രേഖകളുടെ അസ്സൽ വെരിഫിക്കേഷൻ സമയത്തു ഹാജരാക്കണം.
(അപേക്ഷ സമർപ്പിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കൂടുതൽ വിശദാംശങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).
ഒഎംആർ പരീക്ഷ
അപേക്ഷയുടെ പ്രാരംഭ സ്ക്രീനിങ്ങിൽ 30 ൽ 9 മാർക്കെങ്കിലും നേടിയവർക്കാണ് ഒഎംആർ പരീക്ഷയ്ക്ക് യോഗ്യതയുള്ളത്.
ഇന്റർവ്യൂ
ഒഎംആർ പരീക്ഷയിൽ 50% മാർക്ക് നേടിയവരെയാണ് ഇന്റർവ്യൂവിനു തിരഞ്ഞെടുക്കുക. ഇന്റർവ്യൂവിനു ഹാജരാകുമ്പോൾ അപേക്ഷയിൽ നൽകിയതും രേഖാമൂലം നൽകേണ്ടതുമായ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അസ്സൽ ഹാജരാക്കണം.
റാങ്ക് ലിസ്റ്റ്
ഒഎംആർ പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷനൽ റാങ്ക് ലിസ്റ്റും തുടർന്ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും.
സഹായനിർദേശങ്ങൾ
അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് എൽബിഎസിന്റെ ഹെൽപ്ലൈൻ: 0471–2560311, 312, വാട്സാപ്: 94009 23669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിജ്ഞാപനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെടാം. അക്ഷയ പദ്ധതിയുടെ https://akshaya.kerala.gov.in/ എന്ന വെബ്സൈറ്റിലും www.lbscentre.kerala.gov.in ലും വിവരങ്ങൾ ലഭ്യമാണ്.
