സെക്രട്ടറിയറ്റിൽ മത്സരപരീക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണമെന്നും ഇ ഓഫീസ് സംവിധാനം കാര്യക്ഷമമാക്കാൻ ഐടി പ്രൊഫഷണലുകളെ നിയമിക്കണമെന്നും ശുപാർശ. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അഡീഷണൽ ചീഫ് സെക്രട്ടറി വി എസ് സെന്തിൽ അധ്യക്ഷനായ സമിതിയുടെതാണ് നിർദേശം. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
കൃഷി, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, ഗതാഗതം വകുപ്പുകളിലെ നിയമനം, ഉദ്യോഗക്കയറ്റം, പെൻഷൻ, സീനിയോറിറ്റി, അച്ചടക്കനടപടി തുടങ്ങിയ സേവനസംബന്ധമായ കാര്യങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്കു മാറ്റണം. ഈ വകുപ്പുകളിലെ സർവീസ് കാര്യങ്ങളിലെ ഫയലുകളുടെ എണ്ണം കണ്ടെത്തി ജോലിഭാരം നിർണയിച്ച് അസിസ്റ്റന്റും സെക്ഷൻ ഓഫീസറും ഉൾപ്പെടെ സെക്ഷൻ, അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്ക് മാറ്റണം. തുടർന്നുള്ള മൂന്ന് മാസത്തിനകം മറ്റുള്ള വകുപ്പുകളിലും ഇത്തരത്തിൽ ജോലിഭാരം കണ്ടെത്തി തസ്തികകൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലേക്ക് മാറ്റണം.
പൊതുഭരണവകുപ്പിനെ ഭരണവിഭാഗമെന്നും വിശേഷാൽ സേവനവിഭാഗമെന്നും പുനർവിഭജിക്കണം. ചീഫ്സെക്രട്ടറിയുടെ ഓഫീസിൽ ക്യാബിനറ്റ് സെക്രട്ടറിയറ്റ് രൂപീകരിക്കണം. റൂൾസ് ഓഫ് ബിസിനസ്, സെക്രട്ടറിയറ്റ് ഇൻസ്ട്രക്ഷൻസ്, സെക്രട്ടറിയറ്റ് ഓഫീസ് മാന്വൽ എന്നിവ കാലോചിതമായി പരിഷ്കരിക്കണം. ഫയൽ നീക്കം ഗ്രാഫിക്കൽ രീതിയിൽ പൊതുജനങ്ങൾക്ക് കാണാനായാൽ സോഷ്യൽ ഓഡിറ്റിങ്ങും സുതാര്യതയും ഉറപ്പാക്കാം. സെക്രട്ടറിയറ്റിൽ ശാസ്ത്രീയ മാലിന്യനിർമാർജന സംവിധാനം നടപ്പാക്കണം. ദീർഘകാലാടിസ്ഥാനത്തിൽ നിലവിലെ കെട്ടിടം ഉപയോഗിക്കാവുന്ന തരത്തിൽ സമഗ്രമായ റീമോഡലിങ് നടത്തി സംരക്ഷിക്കാനാകുമോയെന്ന് പരിശോധിക്കണം. ഇ- ഓഫീസ് സംവിധാനം പൂർണമായി നടപ്പാക്കുമ്പോൾ കംപ്യൂട്ടർ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളുടെ എണ്ണം പുനഃക്രമീകരിക്കേണ്ടി വരും. അതിനനുസരിച്ച് സെക്ഷനുകളുടെ ലേഔട്ട് തയ്യാറാക്കി സംവിധാനമൊരുക്കണം.
കോമ്പൗണ്ടിന്റെ പിന്നിലെ ഷെഡ്ഡുകൾ പൊളിച്ചുമാറ്റി മൾട്ടിലെവൽ പാർക്കിങ് ഏർപ്പെടുത്തണം. സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കണം. പഴയ ക്വാർട്ടേഴ്സുകൾ നിലനിൽക്കുന്നിടത്തോ നഗരപരിധിയിൽ അനുയോജ്യമായ സ്ഥലത്തോ സെക്രട്ടറിയറ്റ് ജീവനക്കാർക്കായി ഹോസ്റ്റലും ക്വാർട്ടേഴ്സ് സൗകര്യവുമൊരുക്കാമെന്നും റിപ്പോർട്ടിലുണ്ട്.