വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ

സംസ്ഥാനത്തെ സ്കൂൾ വാർഷിക പരീക്ഷകളിൽ നിശ്ചിത മാർക്ക് നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി വിപുലമായ പഠന പിന്തുണാ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ ഇത്തവണ നമ്മൾ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണ നൽകും.

പരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ച കുട്ടികളെ ലക്ഷ്യമിട്ടാണ് ഏപ്രിൽ മാസത്തിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പരാജയപ്പെട്ട വിഷയങ്ങളിൽ വിജയിക്കാൻ മെയ് മാസത്തിൽ സേ (Save A Year – SAY) പരീക്ഷയും നടത്തും. ​പരീക്ഷാ ഫലം വിശകലനം ചെയ്ത ശേഷം ഓരോ വിഷയത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്താനാണ് വകുപ്പിന്റെ തീരുമാനം.

​സങ്കീർണ്ണമായ പാഠഭാഗങ്ങൾ ലളിതമായി പഠിപ്പിക്കുന്ന രീതിയിലുള്ള പ്രത്യേക മൊഡ്യൂളുകൾ അധ്യാപകർ തയ്യാറാക്കും. അവധിക്കാലത്ത് കുട്ടികളെ മാനസികമായി തളർത്താതെ, കളികളിലൂടെയും ലളിതമായ പ്രവർത്തനങ്ങളിലൂടെയും പഠന നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. ഓരോ സ്കൂളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ വിഷയാടിസ്ഥാനത്തിൽ പ്രത്യേക അധ്യാപകരെ ഇതിനായി നിയോഗിക്കും.

​മെയ് മാസത്തിലെ സേ (SAY) പരീക്ഷ

​പഠന പിന്തുണാ ക്ലാസുകൾക്ക് ശേഷം കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അവർക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാനുമാണ് മെയ് മാസത്തിൽ സേ പരീക്ഷ സംഘടിപ്പിക്കുന്നത്. വാർഷിക പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ഈ പരീക്ഷ പ്രയോജനപ്പെടുത്താം. ജൂണിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. ഇത് കുട്ടികൾക്ക് അടുത്ത ക്ലാസിലേക്ക് പ്രവേശനം നേടാൻ സഹായകരമാകും.

​​പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് തടയുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തോൽവി എന്ന ഭയത്തിന് പകരം വീണ്ടും പഠിക്കാനുള്ള ഒരവസരം കൂടി നൽകുന്നതിലൂടെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.