ഗ്യാസ് അടുപ്പിലെ തീയുടെ നിറം ഓറഞ്ചാണോ? ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

വിറക് അടുപ്പിനെക്കാൾ 99 ശതമാനം പേരും ഇന്ന് ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പിനെയാണ്. തിരക്കുപിടിച്ച ജീവിതത്തിൽ വളരെ പെട്ടെന്ന് ആഹാരം പാകം ചെയ്യാൻ ഗ്യാസ് അടുപ്പിലൂടെ സാധിക്കുന്നു. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഗ്യാസ് സ്റ്റൗവിലെ ഫ്ലെയിമിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? മിക്ക ആളുകളും ഇത് അവഗണിക്കാറാണ് പതിവ്. പക്ഷേ തീയുടെ നിറത്തിലെ ചെറിയ വ്യത്യാസം പോലും വലിയ അപകടത്തിന് കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു.

നീല നിറത്തിലുള്ള തീയാണ് പൊതുവെ ഗ്യാസിൽ നിന്ന് വരുന്നത്. ഇതിന്റെ താപനില 1960°C നും 1980°C നും ഇടയിലാണ്. ഇത് ഭക്ഷണം വേഗത്തിലും കൃത്യമായും വേവാൻ സഹായിക്കുന്നു. ഗ്യാസും പണവും ലാഭിക്കാനും ഇത് സഹായിക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. എന്നാൽ തീ മഞ്ഞയോ ഓറഞ്ചോ നിറത്തിലാണ് കത്തുന്നതെങ്കിൽ വാതകം ശരിയായി കത്തുന്നില്ലെന്നാണ് അർത്ഥം.

ഓക്സിജന്റെ അഭാമോ സ്റ്റൗവിലെ അഴുക്കോ കാരണമാകാം ഇത് സംഭവിക്കുന്നത്. അടുപ്പിൽ പൊടിയും മറ്റും കയറുമ്പോൾ ഫ്ലെയിം സാധാരണയിൽ കുറവായിട്ടായിരിക്കും ഉണ്ടാവുക. ഇത് പാചകത്തിൻ്റെ വേഗം കുറയ്ക്കുകയും ഗ്യാസ് ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ ഗ്യാസ് കത്തുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഓറഞ്ച്, മഞ്ഞ നിറത്തിൽ തീ കത്തിയാൽ കാർബൺ മോണോക്സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങൾ പുറത്തുവരുന്നുവെന്നാണ് അർത്ഥം. ഇത് ശ്വസനപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ഗ്യാസ് സ്റ്റൗവ് എന്നും വൃത്തിയാക്കി സൂക്ഷിക്കണം. എന്നിട്ടും നിറവ്യത്യാസം കണ്ടാൽ വിദഗ്‌ധരുടെ സഹായം തേടണം.