ഉദ്ഘാടനത്തിനൊരുങ്ങി പെരുമ്പളം പാലം: സംസ്ഥാനത്തെ ഏറ്റവും വലിയ പാലത്തിന്റെ നിർമാണ ചെലവ് 100 കോടി

സംസ്‌ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം ഉദ്ഘാടനത്തിനൊരുങ്ങി. വേമ്പനാട്ടു കായലിനു കുറുകെ അരൂക്കുറ്റിയിൽ നിന്ന് പെരുമ്പളം ദ്വീപിലേക്ക് 1157 മീറ്റർ നീളത്തിലാണ് പെരുമ്പളം പാലം യാഥാർഥ്യമാകുന്നത്. 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. 7.5 മീറ്റർ വീതിയിൽ ഇരുവരിപ്പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ക്രമീകരിച്ചിട്ടുണ്ട്. കരയിലെ 2 തൂണുകൾ ഉൾപ്പെടെ 34 തൂണുകളിലാണ് പാലം ഉയർന്നിട്ടുള്ളത്.

ചേർത്തല അരൂക്കുറ്റി റോഡിനെയും വൈക്കം പൂത്തോട്ട്, തൃപ്പൂണിത്തുറ സംസ്‌ഥാന പാതയെയും ബന്ധിപ്പിക്കുന്ന റോഡിൻ്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് ഈ പാലം ഒരുക്കുന്നത്. ദേശീയ ജലപാത കടന്നു പോകുന്നതിനാൽ വലിയ ജലയാനങ്ങൾ തടസ്സമില്ലാതെ കടന്നു പോകുന്നതിന് പാലത്തിന്റെ മധ്യഭാഗത്ത് ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമാണം. വടുതല, പെരുമ്പളം കരകളിൽ 300 മീറ്റർ വീതിയുള്ള സമീപ റോഡുകളും നിർമിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഈ മാസം പെരുമ്പളം പാലം നാടിനു സമർപ്പിക്കും. കേവലം 10,000 ജനസംഖ്യയുള്ള പെരുമ്പളം ദ്വീപിലേക്ക് കിഫ്ബി ഫണ്ട് വഴി 100 കോടി രൂപ വിനിയോഗിച്ചാണ് പാലം പൂർത്തിയാക്കിയിട്ടുള്ളത്. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തിയിരിക്കുന്നത്.