ഫെബ്രുവരിയിൽ കേരളത്തിൽ ചൂട് കൂടും

ജനുവരിയിൽ ഇത്തവണ ലഭിച്ചത് 55% അധിക മഴയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയിൽ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്. വിവിധ ജില്ലകളിലെ മഴ വിവരങ്ങൾ കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഫെബ്രുവരിയിൽ മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ മഴ പൊതുവെ സാധാരണയിൽ കുറവ് ലഭിക്കാനാണ് സാധ്യത. പകൽ ചൂട് വടക്കൻ കേരളത്തിൽ സാധാരണയെക്കാൾ കൂടുതലും മറ്റിടങ്ങളിൽ സാധാരണ ലഭിക്കാനുമാണ് സാധ്യത.

പസഫിക് സമുദ്രത്തിലെ നിലവിലെ ലാനിന പ്രതിഭാസം, വരുംമാസങ്ങളിൽ ന്യൂട്രൽ സ്ഥിതിയിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പസഫിക് സമുദ്രത്തിലെ മധ്യ കിഴക്കൻ ഭൂമധ്യരേഖാ പ്രദേശത്തുള്ള സമുദ്രോപരിതലത്തിലെ താപനില സാധാരണ നിലയേക്കാൾ തണുക്കുമ്പോഴുള്ള പ്രതിഭാസമാണ് ലാനിന (La Nina). ഇത് എൽ നിനോ (El Niño) എന്ന പ്രതിഭാസത്തിന് നേർ വിപരീതമാണ്.