മുല്ലപ്പൂവിന് മുഴത്തിന് 200 രൂപ കടന്നു; കിലോയ്ക്ക് 7,000-8,000 രൂപ വരെ

മുല്ലപ്പൂവില ദിവസേന വർധിക്കുന്നതിനൊപ്പം പൂ കിട്ടാനില്ല. ഒരു കിലോയ്ക്ക് 7,000 മുതൽ 8,000 രൂപ വരെയായി. കഴിഞ്ഞവർഷം ഇതേസമയത്ത് കിലോയ്ക്ക് 4,000 രൂപയായിരുന്നു. ഒരുമുഴം മൂല്ലപ്പൂവില മൊത്തവിപണിയിൽ 130-160 രൂപയും ചില്ലറവിപണിയിൽ 190-210 രൂപയുമായി. ഓണവിപണിയിലെ വിലയെക്കാൾ 25 ശതമാനംവരെ വർധനയാണ് നിലവിലുണ്ടായിരിക്കുന്നത്.

വിവാഹം, ഉത്സവകാലം, പൊങ്കൽ ആഘോഷം, ഉത്പാദനക്കുറവ്, ഉയർന്ന ആവശ്യം എന്നിവയാണ് പെട്ടെന്നുള്ള വിലക്കുതിപ്പിനിടയാക്കിയതെന്നാണ് വ്യാപാരികൾ പറയുന്നത്. മഴയും മഞ്ഞും വെല്ലുവിളിയായതോടെയാണ് ഉത്പാദനം തീരേ കുറഞ്ഞത്. തമിഴ്നാട്ടിൽ പലയിടത്തും മുല്ലപ്പൂവില കിലോയ്ക്ക് 12,000 രൂപവരെയായി വർധിച്ചിട്ടുണ്ട്.

കല്യാണ സീസൺ ആയതിനാൽ ആവശ്യക്കാർ ഇരട്ടിയാണ്. ഓർഡറിന്റെ നാലിലൊന്നു പൂവ് മാത്രമാണ് നാട്ടിൽ വിൽപ്പനയ്ക്കായി കിട്ടുന്നത്. വിരിയാൻ ഒരാഴ്ചകൂടിയുള്ള കരിമൊട്ടാണ് കിട്ടുന്നത്. തണുപ്പുകാലത്ത് മുല്ലപ്പൂ ഉത്പാദനം കുറയും. പൂവും ചെറുതാകും. ദിണ്ടിക്കൽ, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരൻകോവിൽ, തെങ്കാശി, കമ്പം, തേനി, കോയമ്പത്തൂർ, മധുര, സത്യമംഗലം ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തുന്നത്. ഇതോടെ ക്ഷേത്രാവശ്യങ്ങൾക്കും കല്യാണ ആവശ്യങ്ങൾക്കും മുല്ലപ്പൂവിനു പകരം പിച്ചിയുടെ ഉപയോഗം വർധിച്ചു. പിച്ചിക്കും വിപണിയിൽ മുഴത്തിന് നൂറിനു മുകളിൽ വിലയുണ്ട്.

മലയാളിമുറ്റങ്ങളിൽ നിറഞ്ഞുനിന്നിരുന്ന തുളസിയും തമിഴ്‌നാട്ടിൽ നിന്നാണ് ഇപ്പോഴെത്തുന്നത്. തുളസി കിലോയ്ക്ക് നാല്പതിൽ നിന്ന് എൺപതായി. വാടാമല്ലി, ലില്ലിപ്പൂ, റോസ്, താമര എന്നിവയുടെയും വില ഉയർന്നു. ഇത്രയും വിലനൽകി മുല്ലപ്പൂ വാങ്ങി കടയിൽ കച്ചവടത്തിനായിവെച്ചാൽ വിൽപ്പന നടന്നില്ലെങ്കിൽ നഷ്‌ടം താങ്ങാനാവില്ലെന്ന് കച്ചവടക്കാർ പറയുന്നു. കല്യാണ ബുക്കിങ്ങുകളുണ്ടെങ്കിൽ ആവശ്യത്തിനു മാത്രമാണ് മുല്ലപ്പൂ ഓർഡർ കൊടുക്കുന്നത്. പലരും മുല്ലപ്പൂ ഉപേക്ഷിച്ച് റോസ്, താമരമാലകൾ എന്നിവ തലയിൽ ചൂടാൻ തുടങ്ങിയതോടെ കല്യാണത്താമരയ്ക്കും വില വർധിച്ചിട്ടുണ്ട്.