കുതിച്ചുകയറി സ്വർണവില, ആളൊഴിഞ്ഞ, പ്രായമായവരുള്ള വീടുകൾ ഇഷ്ടംപോലെ: ഫലപ്രദമായ രീതിയിൽ വീടിന് സുരക്ഷ ഒരുക്കാം

ഏറ്റവും ഫലപ്രദമായ രീതിയിൽ വീടിന് സുരക്ഷ ഒരുക്കാനുള്ള മാർഗമാണ് സർവേലൻസ് ക്യാമറകൾ. ഏതു രാജ്യത്തിലായാലും വീടും വീട്ടിലുള്ളവരും സുരക്ഷിതരാണെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള സംവിധാനം. പ്രത്യേകിച്ച് കൂടുതൽ ആളുകളും വിദേശങ്ങളിലേക്ക് കുടിയേറുന്ന ഇന്നത്തെ സാഹചര്യത്തിൽ വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നത് അടിസ്ഥാന ആവശ്യമാണെന്ന് പറയാം. മോഷ്ടാക്കളോ അക്രമികളോ അപകടകാരികളായ ജീവികളോ കടന്നുകൂടിയാൽ ആ നിമിഷത്തിൽ തന്നെ തിരിച്ചറിയാനും സന്ദർശകരെ നിരീക്ഷിക്കാനും പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കിൽ അവർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുമെല്ലാം സിസിടിവി സഹായിക്കുന്നുണ്ട്. എന്നാൽ ഉദ്ദേശിച്ച രീതിയിൽ വീടിന് സുരക്ഷ ഒരുക്കണമെങ്കിൽ കൃത്യമായ സ്ഥാനത്ത് ക്യാമറകൾ സ്ഥാപിക്കേണ്ടതുണ്ട്. ബ്ലൈൻഡ് സ്പോട്ടുകളില്ലാതെ വീടിനകവും പുറവും കൃത്യമായി കാണാനാവുന്ന സ്ഥാനങ്ങൾ തിരഞ്ഞെടുക്കണം.

പ്രധാന വാതിൽ

മോഷ്ടാക്കൾ പിൻവാതിലുകളിലൂടെയും രഹസ്യ മാർഗങ്ങളിലൂടെയും മാത്രമാവും വീടുകളിലേക്ക് പ്രവേശിക്കുക എന്നത് തെറ്റിദ്ധാരണയാണ്. പ്രധാന വാതിൽ തന്നെയാണ് അവരുടെ ഏറ്റവും എളുപ്പമാർഗം. വീട്ടിലെത്തിക്കുന്ന കൊറിയറുകളും പാക്കേജുകളും പ്രധാന വാതിലിനു സമീപത്ത് വയ്ക്കുന്നതിനാൽ ഇവിടേക്ക് കാഴ്ച എത്തേണ്ടത് അത്യാവശ്യവുമാണ്. വീട്ടിലേക്ക് എത്തുന്നവരെയും പുറത്തുപോകുന്നവരെയും നിരീക്ഷിക്കാനും പ്രധാന വാതിലിന് സമീപത്തു തന്നെ ക്യാമറ വയ്ക്കണം. മോഷൻ ഡിറ്റക്‌ഷൻ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ സംവിധാനങ്ങളുള്ള ക്യാമറകൾ തിരഞ്ഞെടുക്കാം.

വിഡിയോ ഡോർബെല്ലുകളും മുൻവാതിലുകൾക്ക് ഏറ്റവും അനുയോജ്യമാണ്. കൂടുതൽ സുരക്ഷയ്ക്കായി വിഡിയോ ഡോർബെൽ മുറ്റവും ഡ്രൈവ് വേയും കാണാൻ സാധിക്കുന്ന ഒരു അധിക ക്യാമറയുമായി ബന്ധിപ്പിക്കുകയും ചെയ്യാം.

പിൻവാതിൽ

വീടിന്റെ പിൻഭാഗത്ത് മറ്റുവീടുകളോ വഴിയോ ഇല്ലാത്ത സാഹചര്യത്തിൽ പിൻവാതിലിൽ ക്യാമറകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് ശ്രദ്ധേയെത്താത്ത ഇടമായതിനാൽ പിൻഭാഗത്ത് ആരെങ്കിലും പതുങ്ങിയിരുന്നാൽ ക്യാമറയില്ലാത്ത പക്ഷം അറിയാൻ സാധിക്കില്ല. പുറത്തേക്കിറങ്ങാൻ മുൻഭാഗത്തും പിൻഭാഗത്തും അല്ലാതെ വശങ്ങളിൽ വാതിലുണ്ടെങ്കിൽ അവിടം കവർ ചെയ്യുന്ന രീതിയിലും ക്യാമറ സ്ഥാപിക്കണം. ബിൽറ്റ് ഇൻ ക്യാമറയുള്ള സെക്യൂരിറ്റി ലൈറ്റ് തിരഞ്ഞെടുത്താൽ കൂടുതൽ ഫലം ചെയ്യും.

ഗാരിജും ഡ്രൈവ് വേയും

വാഹനങ്ങൾ, ലാഡറുകൾ, ഹെവി ടൂളുകൾ, സ്പോർട്സ് ഗിയറുകൾ തുടങ്ങിയവ സൂക്ഷിക്കുന്ന ഇടമായതിനാൽ ഗാരിജിനും പ്രത്യേക സുരക്ഷ വേണം. പ്രത്യേകിച്ച് വീട്ടിൽ നിന്നും അകലത്തിലാണ് ഗാരിജ് നിർമിച്ചിരിക്കുന്നതെങ്കിൽ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.  വീടിനോട് ചേർന്നാണ് ഗാരിജെങ്കിൽ അവിടേക്ക് കവറേജ് കിട്ടുന്ന കോണിൽ ക്യാമറ വയ്ക്കാൻ ശ്രദ്ധിക്കുക. സാധനങ്ങൾ അധികമായി കൂട്ടിയിട്ടിരിക്കുന്ന സ്ഥലമായതിനാൽ അക്രമികളോ മോഷ്ടാക്കളോ ഏതെങ്കിലും ജീവജാലങ്ങളോ ശ്രദ്ധയിൽ പെടാതെ കയറിക്കൂടാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കാനാവും.

ഗേറ്റിൽ നിന്നും വലിയ ഡ്രൈവേ കടന്നാണ് വീട്ടിലെത്തേണ്ടതെങ്കിൽ അവിടെയും ക്യാമറ സ്ഥാപിക്കണം. എപ്പോഴും വാഹനങ്ങൾ വന്നു പോകാൻ ഇടയുള്ള വീടുകളിൽ ഇത് അനിവാര്യമാണ്.

130 ഡിഗ്രി എങ്കിലും കവറേജുള്ള വൈഡ് ആംഗിൾ ക്യാമറകൾ പുറത്ത് സ്ഥാപിച്ചാൽ അത് കൂടുതൽ സുരക്ഷാ കവചം ഒരുക്കും. വീട്ടിലേക്ക് എത്തും മുൻപ് അപകടങ്ങൾ ഒഴിവാക്കാം. കുട്ടികളോ വളർത്തുമൃഗങ്ങളോ  കളിക്കാനായി വീടിനു പുറത്തുള്ള അവസരങ്ങളിൽ ഇത് കൂടുതൽ ഉപകാരപ്രദവുമാണ്. മതിൽ, വേലി, ഗേറ്റ്, ഷെഡ് തുടങ്ങിയവ ക്യാമറയിൽ കാണാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വീടിനുള്ളിൽ ക്യാമറ വയ്ക്കേണ്ട ഇടങ്ങളും പ്രത്യേകമായി തിരഞ്ഞെടുക്കണം.

പൊതു ഇടങ്ങൾ

ലിവിങ് റൂം, അടുക്കള, ഫാമിലി ഏരിയ എന്നിവിടങ്ങൾ കവർ ചെയ്യുന്ന വിധത്തിൽ ക്യാമറ സ്ഥാപിച്ചാൽ പ്രായമായവരോ കൊച്ചുകുട്ടികളോ വീട്ടിൽ എന്താണ് ചെയ്യുന്നത് എന്ന് കൃത്യമായി നിരീക്ഷിക്കാനാവും. ഗ്രൗണ്ട് ഫ്ലോറിൽ വലിയ ജനാല ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവിടം കവർ ചെയ്യുന്ന രീതിയിൽ തന്നെ ക്യാമറ സ്ഥാപിക്കാൻ ശ്രദ്ധിക്കുക.

സ്റ്റെയർവേ അല്ലെങ്കിൽ ഹോൾവേ

വീടിന്റെ എല്ലാ കോണുകളും കാണാനാവുന്ന വിധത്തിൽ ക്യാമറ സ്ഥാപിക്കാനുള്ള സൗകര്യമില്ലെങ്കിൽ സ്റ്റെയർവേയിലോ ഹോൾവേയിലോ ക്യാമറ സ്ഥാപിച്ചാൽ വ്യത്യസ്ത ഭാഗങ്ങളുടെ വിശാലമായ കാഴ്ച കുറച്ചുകൂടി കൃത്യമായി ലഭിക്കും. ഒന്നിലധികം മുറികൾ കാണാനാവുന്ന വിധത്തിൽ തന്നെ ക്യാമറ ഫിറ്റ് ചെയ്യുക.