അതിവേ​ഗ റെയിൽപാത വൈക്കത്തും സ്റ്റേഷന്‍

കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിച്ചെന്നു ഇ. ശ്രീധരൻ. 15 ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകും. പൊന്നാനിയിൽ ഇതിനായി ഡിഎംആര്‍സി ഓഫീസും ഒരുങ്ങി.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ പാത. മൂന്നു മണിക്കൂർ 15 മിനിറ്റ് യാത്ര നേരം. വൈക്കം ഉള്‍പ്പെടെ 22 സ്റ്റേഷനുകൾ. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ എയർപോർട്ടുകളെ ബന്ധിപ്പിച്ചാണ് അതിവേഗ റെയിൽ പാതയെന്നും ഇ. ശ്രീധരൻ വിശദീകരിച്ചു.

കൂടുതലും മേൽപ്പാതകളായിരിക്കും. 25 % മാണ് തുരങ്കം. മേൽപ്പാലം ഉള്ളിടത്തു തൂണുകളുടെ പണി കഴിഞ്ഞാൽ, സ്ഥലം ഉടമയ്ക്ക് വ്യവസ്ഥകളോടെ ഉപയോഗിക്കാൻ നൽകും.  9 മാസത്തിനകം ഡിപിആര്‍ പൂർത്തിയാക്കും. 5 വർഷം കൊണ്ട് 1 ലക്ഷo കോടി ചെലവിൽ നിർമാണം പൂർത്തിയാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

എട്ടു കോച്ചില്‍ 560 പേര്‍ക്ക് യാത്ര ചെയ്യാമെന്നും 200 കിലോമീറ്റര്‍ ആയിരിക്കും വേഗം. 20–25 കിലോമീറ്റര്‍ പരിധിയില്‍ 22 സ്റ്റേഷനുകള്‍ ഉണ്ടാകുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറല്‍ കോച്ചുകളുണ്ടാകും.

അതിവേ​ഗ റെയിൽപാത യാഥാര്‍ത്ഥ്യമായാല്‍ വൈക്കത്തും സ്റ്റേഷനുണ്ടാകുമെന്നാണ് പ്രാഥമിക വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. ഇത് വൈക്കത്തിന്‍റെ മണ്ണിന് വികസനത്തിന്‍റെ മറ്റൊരു കുതിപ്പിന് വഴിയൊരുക്കുമെന്ന പ്രത്യാശയിലാണ് വൈക്കത്തുകാര്‍.

സ്റ്റേഷനുകള്‍: TVM സെൻട്രൽ, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, (ബൈപ്പാസ് -പാലാരിവട്ടം), ആലുവ, നെടുമ്പാശേരി, തൃശൂർ , കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ.