സംസ്ഥാന മൃഗവും പക്ഷിയുമൊക്കെപ്പോലെ കേരളത്തിനു സ്വന്തമായി ബാക്ടീരിയയും വരുന്നു. ഏറ്റവും ഗുണകരമായ ബാക്ടീരിയ ഏതെന്നു നിർണയിക്കാൻ സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. ശാസ്ത്രജ്ഞരും സംസ്ഥാന ജൈവവൈവിധ്യബോർഡ് പ്രതിനിധികളുമൊക്കെ ഉൾപ്പെട്ടതാണ് സമിതി.
മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനുപുറമേ കൃഷിയിലും വ്യവസായത്തിലുമൊക്കെ സൂക്ഷ്മാണുക്കൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് കേരളത്തിന്റെ ‘സ്വന്തം ബാക്ടീരിയ’ പ്രഖ്യാപിക്കുക വഴിയുള്ള ലക്ഷ്യം.
ദൈനംദിന ജീവിതത്തിൽ സൂക്ഷ്മാണുക്കൾ നൽകുന്ന ഗുണഫലങ്ങളെക്കുറിച്ച് ബോധവത്കരണത്തിനായി സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ് മുന്നോട്ടുവെച്ച ആശയം പരിഗണിച്ചാണ് സർക്കാരിന്റെ വിദഗ്ധസമിതി.
‘ലാക്ടോബാസില്ലസ് ഡെൽബ്രൂക്കീ സബ്സ് ബൾഗാരിക്കസാ’ണ് ഇന്ത്യയുടെ സ്വന്തം ബാക്ടീരിയ.
രോഗകാരിയല്ലാത്തതും കേരളത്തിൽ റിപ്പോർട്ടുചെയ്തതതും വിവിധ രംഗങ്ങളിൽ പ്രയോഗയോഗ്യവും സാമ്പത്തികമൂല്യമുള്ളതുമായ ബാക്ടീരിയകളെയാണ് ‘സംസ്ഥാന പദവി’ നൽകാൻ പരിഗണിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും.
