176 വർഷമായിട്ടും രൂപമാറ്റം വന്നിട്ടില്ല! എന്തിനാണ് സേഫ്റ്റി പിന്നിൽ ഒരു ദ്വാരം?

1849ൽ വാൾട്ടർ ഹണ്ട് എന്ന അമേരിക്കൻ മെക്കാനിക്കൽ എൻജിനീയറാണ് ഇന്ന് പ്രചാരത്തിലുള്ള സേഫ്റ്റി പിൻ കണ്ടുപിടിച്ചത്. ലോകത്തിലെ ഒരുവിധം എല്ലാ വസ്തുക്കൾക്കും കാലാന്തരത്തിൽ രൂപമാറ്റം വന്നിട്ടും സേഫ്റ്റി പിന്നിനു മാത്രം അങ്ങനെയൊന്നു സംഭവിച്ചിട്ടില്ല. ഇത്രയും കാലമായി നമുക്ക് മുന്നിലുള്ള സേഫ്റ്റി പിന്നിന്‍റെ ആകൃതിയിലെ പ്രത്യേകതകൾ പക്ഷേ പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പിന്നിന്‍റെ താഴെ ഭാഗത്തായി കാണുന്ന വൃത്താകൃതിയിലുള്ള ദ്വാരത്തിന് പോലും ഒട്ടേറെ പ്രാധാന്യമുണ്ട്.

വളരെ ലളിതമായ ഒരു സംവിധാനത്തിലൂടെ പ്രവർത്തനപരമായ ഒന്നിലധികം ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ആവുന്നു എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് സേഫ്റ്റി പിന്നിന്‍റെ ദ്വാരം. കൃത്യമായ നീളത്തിലുള്ള ഒറ്റ സ്റ്റീൽ വയർ ഉപയോഗിച്ചാണ് സേഫ്റ്റി പിൻ നിർമിക്കപ്പെടുന്നത്. ബെൻഡിങ്, കോയിലിങ്, ടെമ്പറിങ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ അത് കൃത്യമായ ആകൃതിയിൽ എത്തിക്കുന്നു. പിന്നിന്‍റെ തലഭാഗം നിർമിക്കപ്പെടുന്ന സമയത്ത് വയറിന്‍റെ അഗ്രഭാഗം പരത്തി മുറിച്ചെടുക്കുന്നതിനു പകരം പിൻഭാഗത്തേക്ക് വളച്ച് അടഞ്ഞ ലൂപ്പ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഒറ്റ വയർ ഉപയോഗിച്ചു തന്നെ ഉൽപന്നത്തിന്‍റെ നിർമാണം സാധ്യമാക്കാൻ ഈ വിദ്യ സഹായിക്കുന്നു.

നിർമാണ ശേഷം ചൂടാക്കുകയും പിന്നീട് തണുപ്പിക്കുകയും ചെയ്യുന്നതോടെ ഈ വളയം കൂടുതൽ ദൃഢമാവുകയും സേഫ്റ്റി പിന്നിന് ഉറപ്പു ലഭിക്കുകയും ചെയ്യും. വളയത്തിന്‍റെ രൂപത്തിൽ അല്ലാതെ വെറുമൊരു വളവ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ സേഫ്റ്റി പിൻ ഏതെങ്കിലും പ്രതലത്തിൽ ഘടിപ്പിക്കുന്ന സമയത്ത് ഈ ഭാഗത്ത് അധിക മർദ്ദം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ ലൂപ്പ് ആകൃതിയിലായത് മൂലം ഈ മർദ്ദം വ്യാപിക്കപ്പെടുകയും പിൻ യഥാസ്ഥാനത്ത് നിൽക്കുകയും ചെയ്യും.

പിന്നിന്‍റെ അഗ്രം വരുന്ന ഭാഗം മുൻപിലേക്കും പിൻപിലേക്കും അനായാസം ചലിപ്പിക്കാൻ സാധിക്കുന്നതും ദ്വാരമുള്ളതു മൂലമാണ്. തുണിയുടെ ചലനത്തിനനുസരിച്ച് പിൻ വഴക്കത്തോടെ നിൽക്കാനും മിനുസമല്ലാത്തതോ കട്ടിയുള്ളതോ ആയ വസ്തുക്കളിൽ ഘടിപ്പിക്കുമ്പോൾ പിൻ തുറന്നു പോകാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്. അധികമായി ഭാഗങ്ങൾ ഘടിപ്പിക്കുകയോ ലോക്കിങ് സംവിധാനങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യാതെ വ്യത്യസ്ത കനത്തിലുള്ള വസ്തുക്കളിൽ പിൻ സുരക്ഷിതമായി ഉപയോഗിക്കാൻ വഴിയൊരുക്കുന്ന ഒരു മാർഗമാണിത്. അടച്ച നിലയിലുള്ള പിൻ പെട്ടെന്ന് തുറന്നു പോരില്ല എന്നും ഈ വളയം ഉറപ്പുവരുത്തുന്നുണ്ട്.

ലോക്കിങ് സംവിധാനങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യാതെ വ്യത്യസ്ത കനത്തിലുള്ള വസ്തുക്കളിൽ പിൻ സുരക്ഷിതമായി ഉപയോഗിക്കാൻ വഴിയൊരുക്കുന്ന ഒരു മാർഗമാണിത്. ഘടനാപരമായ ബലമാണ് പിന്നിന്‍റെ ദ്വാരത്തിന് പിന്നിലെ യഥാർഥ കാരണമെങ്കിലും ഒന്നിലധികം സേഫ്റ്റി പിന്നുകൾ നൂലിലോ ചരടിലോ കോർത്ത് കെട്ടാൻ പിന്നീട് ഇത് ഉപകാരപ്രദമായി.