2026 -ലെ ആദ്യ ‘വുൾഫ് സൂപ്പർ മൂൺ’ ഇന്ന്, ചന്ദ്രൻ ഭൂമിയോട് കൂടുതൽ അടുത്ത്!

2026-ലെ ആദ്യ പൂർണ്ണചന്ദ്രൻ ഒരു ‘സൂപ്പർമൂൺ’ പ്രതിഭാസമായി ഇന്ന് ആകാശത്ത് ദൃശ്യമാകും. ജനുവരി മാസത്തിലെ പൂർണ്ണചന്ദ്രനെ വിളിക്കുന്ന ‘വുൾഫ് മൂൺ’ എന്ന പേരിനൊപ്പം ഇത്തവണ സൂപ്പർമൂൺ എന്ന വിശേഷണം കൂടിയുള്ളതിനാൽ വാനനിരീക്ഷകർക്കും പൊതുജനങ്ങൾക്കും ഇത് അപൂർവ്വമായൊരു കാഴ്ചയായിരിക്കും.

ഇന്ന് രാത്രിയിൽ ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും. സാധാരണയേക്കാൾ ഭൂമിയോട് അടുത്ത് വരുന്നതിനാലാണ് ‘സൂപ്പർമൂൺ’ എന്ന് വിളിക്കപ്പെടുന്നത്. ചന്ദ്രൻ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള അവസ്ഥയേക്കാൾ (Apogee) 14 ശതമാനം വരെ വലുപ്പത്തിലും ഏകദേശം 30 ശതമാനം വരെ കൂടുതൽ തിളക്കത്തിലുമാകും ഇന്ന് ദൃശ്യമാകുക. ഇന്ന് വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നതോടെ ചന്ദ്രൻ കിഴക്കൻ ആകാശത്ത് ഉദിച്ചുയരുന്നത് കാണാം.

ഇന്ത്യയിലുള്ളവർക്ക് ഇന്ന് (ജനുവരി 3) വൈകുന്നേരം 5:45-നും 6:00-നും ഇടയിലുള്ള സമയത്ത് സൂപ്പർമൂണിനെ കണ്ട് തുടങ്ങാം. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ കിഴക്കൻ ആകാശത്ത് ചന്ദ്രൻ ഉദിച്ചുയരും. രാത്രി മുഴുവൻ ആകാശത്ത് കാണാൻ സാധിക്കുന്ന ചന്ദ്രൻ നാളെ പുലർച്ചെയാടെയായിരിക്കും അസ്തമിക്കുക. ഇന്ത്യയിൽ അർദ്ധരാത്രിയോടെ ചന്ദ്രൻ ആകാശത്തിന്‍റെ മധ്യഭാഗത്ത് എത്തുമ്പോൾ ഏറ്റവും മിഴിവുള്ള കാഴ്ച ലഭിക്കും. ജനുവരി 3-ന് ഗ്രീനിച്ച് സമയം (GMT) 10:02-നും 10:04-നും ഇടയിലായിരിക്കും ചന്ദ്രൻ അതിന്‍റെ പൂർണ്ണതയിലെത്തുക. ജനുവരി 2, 3 തീയതികളിൽ ചന്ദ്രൻ ആകാശത്ത് താഴ്ന്ന് നിൽക്കുന്ന സമയത്താണ് (ചന്ദ്രോദയ സമയത്ത്) ഏറ്റവും മനോഹരമായ കാഴ്ച ലഭിക്കുക. ഏകദേശം മൂന്ന് ദിവസത്തോളം ചന്ദ്രൻ പൂർണ്ണരൂപത്തിൽ തന്നെ കാണപ്പെടുമെന്ന പ്രത്യേകതയുമുണ്ട്.

‘വുൾഫ് മൂൺ’

പുരാതന കാലത്ത് ശൈത്യകാലത്തെ കൊടുംതണുപ്പിൽ ഭക്ഷണത്തിനായി ചെന്നായകൾ ഓരിയിടുന്ന സമയത്താണ് ജനുവരിയിലെ പൂർണ്ണചന്ദ്രൻ ദൃശ്യമായിരുന്നത്. അതുകൊണ്ടാണ് വടക്കൻ ഗോത്രവർഗ്ഗക്കാർ ഇതിനെ ‘വുൾഫ് മൂൺ’ എന്ന് വിളിച്ചു തുടങ്ങിയത്. പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് ഈ വിസ്മയക്കാഴ്ച ആസ്വദിക്കാം. നഗരങ്ങളിലെ വെളിച്ചത്തിൽ നിന്നും മാറിയുള്ള സ്ഥലങ്ങളിൽ നിന്ന് നോക്കിയാൽ ചന്ദ്രന്‍റെ തിളക്കം കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ സാധിക്കും. ഈ വർഷം പ്രതീക്ഷിക്കുന്ന മൂന്ന് സൂപ്പർമൂണുകളിൽ ആദ്യത്തേതാണിത്.