വോട്ടിങ് സഹായം ഒറ്റത്തവണ മതി’: ഒരാൾക്ക് പലരുടെ സഹായിയാവാനാവില്ല; സഹായിയുടെ വലതു കയ്യിൽ മഷി പുരട്ടും

തദ്ദേശ തിര‍ഞ്ഞെടുപ്പിൽ ഒരാൾക്ക് ഒരു വോട്ടറെ മാത്രമേ ഇനി വോട്ട് ചെയ്യാൻ സഹായിക്കാനാകൂ. വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. ഒരാൾ തന്നെ പലരുടെയും സഹായിയാകുന്നതു തടയാനാണിത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയപാർട്ടികളുമായി നടത്തിയ ചർച്ചയിൽ കെപിസിസി സെക്രട്ടറി എം.കെ.റഹ്മാൻ ഉന്നയിച്ച ആവശ്യമാണു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച് ഉത്തരവിറക്കിയത്.

കാഴ്ചവെല്ലുവിളിയോ മറ്റ് അവശതകളോ ഉള്ള സമ്മതിദായകർക്ക് 18 വയസ്സുപിന്നിട്ട ഒരു സഹായിയെ വോട്ടിങ് കംപാർട്‌മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാനാണ് അനുമതി. പരസഹായം കൂടാതെ ബാലറ്റിങ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനോ ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്താനോ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫിസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇത് അനുവദിക്കൂ. സ്ഥാനാർഥിയെയും പോളിങ് ഏജന്റിനെയും സഹായിയാകാൻ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാൻ മതിയായ കാരണമല്ല.

രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമെന്നും അതേദിവസം മറ്റേതെങ്കിലും പോളിങ് സ്റ്റേഷനിൽ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിർദിഷ്ട ഫോമിൽ പ്രിസൈഡിങ് ഓഫിസർക്ക് നൽകണം. ഈ ഫോം പ്രത്യേക കവറിൽ പ്രിസൈഡിങ് ഓഫിസർ വരണാധികാരിക്ക് നൽകും.