വിവാഹദിവസം എല്ലാ കണ്ണുകളും വധുവിലേക്ക് നീളണമെന്ന വാശിയൊക്കെ നല്ലതാണ്. അതിനു വേണ്ടി ഇഷ്ടമുള്ള വസ്ത്രങ്ങളും മേക്കപ്പും ഒക്കെ ധരിക്കാം. പക്ഷേ ലെൻസ് ധരിക്കുമ്പോൾ ശ്രദ്ധ വേണമെന്ന് ഓർമിപ്പിക്കുകയാണ് ആരോഗ്യവിദഗ്ധർ.
സുരക്ഷിതമായി കണ്ണിൽ വയ്ക്കാം
ലെൻസ് കണ്ണിൽ വയ്ക്കുമ്പോഴും എടുക്കുമ്പോഴും ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു. ഉപകരണങ്ങളുടെ സഹായത്തോടെയോ, ഗ്ലൗസ് ധരിച്ചോ ലെൻസ് കൈകാര്യം ചെയ്യുന്നതിനു പകരം പലരും വെറും കൈകൊണ്ടാണ് ലെൻസ് വധുവിന്റെ കണ്ണുകളിലേക്ക് വയ്ക്കുന്നത്. മേക്കപ് ഇടുന്നതിന്റെ ഇടയിൽ ഇങ്ങനെ ചെയ്യുമ്പോൾ അന്യവസ്തുക്കൾ ലെൻസിൽ പറ്റിപ്പിടിക്കാൻ ഇടവരുകയും അതുവഴി കണ്ണിൽ അണുബാധയുണ്ടാവുകയും ചെയ്യും. മേക്കപ് ആർട്ടിസ്റ്റുകൾ മേക്കപ് കിറ്റിൽ നിന്നും ലെൻസ് എടുക്കുമ്പോൾ ഇതിന് മുൻപ് ഇതേ ലെൻസ് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് തീർച്ചയായും ചോദിക്കണം. മറ്റൊരാൾ ഉപയോഗിച്ച ലെൻസ് ഒരിക്കലും ഉപയോഗിക്കരുത്. സീൽ ചെയ്ത പാക്കേജിലുള്ള ലെൻസ് സുരക്ഷിതമായി കണ്ണിൽ വയ്ക്കാൻ ആവശ്യപ്പെടാം. ഇക്കാര്യത്തിൽ മുൻപരിചയമില്ലാത്തവരെ ലെൻസ് കണ്ണിൽ വയ്ക്കാൻ അനുവദിക്കരുത്. കണ്ണിലും കോർണിയയിലും മുറിവുകൾ ഉണ്ടാകാൻ അത് കാരണമാകും.
എളുപ്പത്തിൽ കിട്ടുന്നതെല്ലാം സുരക്ഷിതമല്ല
സമൂഹമാധ്യമങ്ങളിലെ റീൽസുകളിലും വിഡിയോയിലും പ്രത്യക്ഷ്യപ്പെടുന്ന വധുക്കളും ഇൻഫ്ലുവെൻസേഴ്സുമൊക്കെ കണ്ണിൽ ലെൻസണിഞ്ഞതു കാണുമ്പോൾ കണ്ണിൽ ലെൻസ് വയ്ക്കാൻ പലർക്കും കൊതി തോന്നും. പക്ഷേ അക്ഷരാർഥത്തിൽ ഇതൊരു സൗന്ദര്യ വർധകവസ്തുവല്ലന്നും മെഡിക്കൽ ഉപകരണമാണെന്നുമുള്ള ബോധ്യം ഉണ്ടാവണം. പല കോസ്മെറ്റിക് ലെൻസുകളും കുറിപ്പടിയില്ലാതെ തന്നെ ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാകുന്നതും ഇതിന്റെ ഉപയോഗം സാധാരണമാകാൻ കാരണമായിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ അശ്രദ്ധമായാണ് ആളുകൾ ഇത് കൈകാര്യം ചെയ്യുന്നത്. എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു വസ്തു സുരക്ഷിതമാണെന്ന് കരുതരുത്. വിവാഹദിനത്തിലെ തിരക്കുപിടിച്ച മേക്കപ്പിൽ കണ്ണിൽ ലെൻസ് ധരിക്കുമ്പോൾ സുരക്ഷയുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയാറാകരുത്.
ശുചിത്വത്തിലെ ചെറിയ വീഴ്ചയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും
‘‘ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ഒരു വധുവിന്റെ കൺപോളകളിൽ വെറും കൈകൾ കൊണ്ട് സ്പർശിക്കുകയും പിന്നീട് ലെൻസ് നേരിട്ട് കണ്ണിൽ വയ്ക്കുകയും ചെയ്യുമ്പോൾ അത് കണ്ണിന് കേടുപാടുകൾ വരുത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. പല വിഡിയോകളും അടിസ്ഥാന ശുചിത്വ നടപടികൾ അവഗണിക്കുന്നതായാണ് കാണുന്നത്. ഇതുപയോഗിക്കാൻ ഇത്ര എളുപ്പമാണോയെന്ന ചിന്തയിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ആളുകൾ വളരെ സാധാരണമായി ഇതുപയോഗിച്ചു തുടങ്ങുന്നു.’’ – ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലെ ഒഫ്താൽമോളജി കൺസൾട്ടന്റ് ഡോ. അശ്വിൻ സന്തോഷ് ഷെട്ടി പറയുന്നു.
‘‘ഇത്തരം വിഡിയോസ് ഞാനും സ്ഥിരം കാണാറുണ്ട്. ഇത് നേത്രരോഗവിദഗ്ധരെ വല്ലാതെ അസ്വസ്ഥരാക്കാറുണ്ട്. കണ്ണിൽ വെറുതെ തൊടാൻ പാടില്ല. പ്രത്യേകിച്ച് ലെൻസുകൾ വയ്ക്കാൻ പരിശീലനം ലഭിക്കാത്ത ഒരാൾ കണ്ണിനുള്ളിൽത്തൊട്ട് ലെൻസുകൾ വയ്ക്കാൻ ശ്രമിക്കുന്നത് ഒട്ടും നന്നല്ല.’’- ബെംഗളൂരുവിലെ ഗ്ലെനീഗിൾസ് ബിജിഎസ് ആശുപത്രിയിലെ ഒഫ്താൽമോളജി കൺസൾട്ടന്റ് ഡോ. സുകന്യ മെയ്കന്ദശിവം കൂട്ടിച്ചേർക്കുന്നു. കഴുകാത്ത കൈകൾ കൊണ്ടോ അണുവിമുക്തമാക്കാത്ത അനുബന്ധ ഉപകരണങ്ങളോ ഇല്ലാതെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ലെൻസ് വയ്ക്കുമ്പോൾ, ബാക്ടീരിയകൾ നേരിട്ട് കോർണിയയിലെത്തുകയാണ് ചെയ്യുന്നത്. ശുചിത്വത്തിലെ ഒരു ചെറിയ വീഴ്ച പോലും കണ്ണിന് അസ്വസ്ഥത, പോറലുകൾ,അണുബാധ എന്നിവയ്ക്ക് കാരണമാകും.
ഫാഷൻ ആക്സസറിയല്ല, മെഡിക്കൽ ഉപകരണം
പലരും നിറമുള്ള കോൺടാക്റ്റ് ലെൻസുകളെ മേക്കപ് ഉത്പന്നങ്ങൾ പോലെയോ, ആഭരണങ്ങൾ പോലെയോ ഉള്ള വെറുമൊരു ഫാഷൻ ആക്സസറിയായാണ് കാണുന്നത്. കണ്ണിന്റെ ഉപരിതലത്തിൽ തൊട്ടിരിക്കുന്ന, ശുചിത്വത്തോടെ വയ്ക്കേണ്ട സംഗതിയാണ്. വെറുമൊരു സൗന്ദര്യവർധക വസ്തുവായി ലെൻസിനെ കാണുമ്പോൾ, അത് പങ്കുവയ്ക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. വേണ്ടവിധത്തിൽ വൃത്തിയാക്കാതിരിക്കുന്നതും ശരിയായ നിർദ്ദേശങ്ങളില്ലാതെ വിലകുറഞ്ഞ ലെൻസുകൾ വാങ്ങുന്നതും, പ്രൊഫഷണലുകൾ അല്ലാത്തവർ അവ വയ്ക്കാൻ ശ്രമിക്കുന്നതുമൊക്കെ കണ്ണിന് പരുക്കു പറ്റാൻ കാരണമാവുകയും അണുബാധയുണ്ടാകാൻ കാരണമാവുകയും ചെയ്യും.
അസ്വസ്ഥതകളെ അവഗണിക്കരുത്
ശരിയായ രീതിയിൽ ലെൻസ് ധരിച്ചില്ലെങ്കിൽ കണ്ണിന് ചുവപ്പ്, വരൾച്ച, അസ്വസ്ഥത എന്നിവ അനുഭവപ്പെടും. വൃത്തിയാക്കാത്ത ലെൻസിന് ബാക്ടീരിയ, മേക്കപ് അവശിഷ്ടങ്ങൾ എന്നിവ പറ്റിപ്പിടിച്ചിരുന്നാൽ ഇത് ധരിക്കുമ്പോൾ കോർണിയയിൽ പോറലുകൾ, അൾസർ, അലർജി എന്നിവ വരുകയും അത് അണുബാധയിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരം അസ്വസ്ഥതകളെ അവഗണിച്ചാൽ പിന്നീട് ഗുരുതരമാകാനുള്ള സാധ്യതയുമുണ്ട്. ചികിത്സിക്കാത്ത അണുബാധകൾക്ക് കോർണിയ ട്രാൻസ്പ്ലാന്റ് പോലും ആവശ്യമായി വന്നേക്കാം. അതുകൊണ്ട് ലെൻസ് ധരിച്ചതിനു ശേഷം അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അത് അവഗണിക്കാതെ എത്രയും വേഗം നേത്രരോഗവിദഗ്ധരുടെ സേവനം തേടുക.
എങ്ങനെ ഉപയോഗിക്കണം
കൈകൾ വൃത്തിയായി കഴുകുകയും ഉണങ്ങിയ ശേഷം മാത്രം ലെൻസിൽ സ്പർശിക്കുകയും ചെയ്യുക. പഴകിയതോ മറ്റൊരാൾ ഉപയോഗിച്ചതോ, കീറിപ്പോയതോ, വൃത്തിയില്ലാത്തതോ ആയ ലെൻസുകൾ ഉപയോഗിക്കരുത്. ശുപാർശ ചെയ്യുന്ന മണിക്കൂറുകളിൽ കൂടുതൽ സമയം ലെൻസ് കണ്ണിൽ വയ്ക്കരുത്. ലെൻസുകൾ ഉപയോഗിച്ച് ഉറങ്ങുകയോ, നീന്തുകയോ, കുളിക്കുകയോ ചെയ്യരുത്. ഇത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. കണ്ണിൽ നിന്നും ലെൻസ് നീക്കം ചെയ്ത ശേഷം മാത്രം മേക്കപ് ധരിക്കുക. ലെൻസുകൾ ആരുമായും പങ്കിടരുത്, ചുവപ്പ്, വേദന, അല്ലെങ്കിൽ കാഴ്ച മങ്ങൽ എന്നീ ലക്ഷണങ്ങളെ ഗൗരവമായി കാണുകയും അസ്വസ്ഥത വന്നാൽ സമയം കളയാതെ ഒരു നേത്രരോഗവിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കണം.
