വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മൊബൈൽനമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങൾക്ക് നാഷണൽ ഇൻഫർമേഷൻ സെന്‍ററിന്‍റെ നിർദേശം ലഭിച്ചു. തിങ്കളാഴ്‌ച മൂന്നുമുതൽ ഒടിപി സംവിധാനം നിലവിൽവന്നു. വാഹന ഉടമകളുടെ മൊബൈൽനമ്പറാണ് ആർസിയുമായി പരിവാഹൻ മുഖേന ലിങ്ക് ചെയ്യേണ്ടത്.
നിലവിൽ പുകപരിശോധന സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഏതെങ്കിലുമൊരു മൊബൈൽനമ്പർ പരിശോധനകേന്ദ്രത്തിൽ നൽകിയാൽ മതി. എന്നാൽ, പുതിയ സംവിധാനം വരുന്നതോടെ ലിങ്ക് ചെയ്ത മൊബൈൽനമ്പറിൽ ലഭിക്കുന്ന ഒടിപി വെബ്സൈറ്റിൽ നൽകണം. എന്നാൽ മാത്രമേ പരിവാഹൻ വെബ്സൈറ്റിൽ നിന്ന് പുകപരിശോധന സർട്ടിഫിക്കറ്റ് ലഭ്യമാകുകയുള്ളൂ. പുതിയ ഒടിപി സംവിധാനം വരുന്നതിന്റെ മുന്നോടിയായി ഇതിന്റെ ട്രയൽ റൺ ഞായറാഴ്‌ച വൈകീട്ട് നാലുമുതൽ ഏഴുവരെ നടന്നു.
ഈ സമയം പല വാഹനങ്ങൾ പരിശോധനയ്ക്കായി എത്തിയെങ്കിലും മൊബൈൽനമ്പർ ലിങ്ക് ചെയ്യാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതിനെത്തുടർന്ന് നമ്പർ ലിങ്ക് ചെയ്യുന്നതിനായി ഞായറാഴ്‌ചമുതൽ രണ്ടുദിവസം സമയം അനുവദിച്ചിരുന്നു. എന്നാൽ, അടിയന്തരമായി നിർബന്ധമാക്കണമെന്ന കേന്ദ്രനിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചതന്നെ ഒടിപി സംവിധാനം നിലവിൽ കൊണ്ടുവരുകയായിരുന്നു.
പുറംസംസ്ഥാനങ്ങളിൽനിന്നടക്കം കൊണ്ടുവരുന്ന ചില വാഹനങ്ങളും പഴക്കമുള്ള ചില വാഹനങ്ങളും ആർസി, മൊബൈൽനമ്പറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നാണ് മോട്ടോർവാഹനവകുപ്പിൻ്റെ കണ്ടെത്തൽ. കേരളത്തിൽ 2350 പുകപരിശോധന സെന്ററുകളാണുള്ളത്. ഇതിൽ 48 സെൻററുകൾ പുക പരിശോധിക്കുമ്പോൾ വാഹന ഉടമകളുടെ നമ്പർ വ്യാജമായി നൽകിയതിനാൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. മൊബൈൽനമ്പർ ലിങ്ക് ചെയ്‌താൽ വാഹനങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കാനും സാധിക്കും. അതിനുപുറമേ വാഹനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പിഴ ഈടാക്കിയാൽ ലിങ്ക് ചെയ്തത മൊബൈൽനമ്പറിലേക്ക് അറിയിപ്പ് വരുമ്പോൾ ഉടമകൾക്ക് തിരിച്ചറിയാനും സാധിക്കും.
