കുത്തിവയ്‌പില്ലാതെ ഇന്‍ഹേലറിലൂടെ ഇന്‍സുലിന്‍ എടുക്കാം

പ്രമേഹരോഗികള്‍ക്ക്‌ ഇനി കുത്തിവയ്‌പില്ലാതെ ഇന്‍ഹേലറിലൂടെ ഇന്‍സുലിന്‍ എടുക്കാം. ഇന്‍സുലിന്‍ ശ്വാസകോശത്തിലേക്കു പമ്പ്‌ ചെയ്യുന്ന ‘അഫ്രെസ’ എന്ന ഉപകരണം ഉടന്‍ വിപണിയിലിറങ്ങും. ഇതില്‍നിന്ന്‌ ഇന്‍സുലിന്‍ ഉള്ളിലേക്കു വലിച്ചാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുറയും.
സാധാരണ ഇന്‍സുലിന്‍ കുത്തിവയ്‌ക്കുമ്പോള്‍ കുറഞ്ഞത്‌ അരമണിക്കൂര്‍ വേണം രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാന്‍.

ഭക്ഷണം കഴിച്ചതിനു ശേഷമാണ്‌ ഇന്‍സുലിന്‍ ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടത്‌. ടൈപ്പ്‌ 1, ടൈപ്പ്‌ 2 പ്രമേഹമുള്ളവര്‍ക്ക്‌ ഇന്‍ഹേലര്‍ ഉപയോഗിക്കാം. ശ്വാസകോശ രോഗമുള്ളവര്‍ ഇന്‍സുലിന്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്‌ നല്ലതല്ലെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. പല ഡോസുകളില്‍ ഇന്‍ഹേലര്‍ ലഭ്യമാകും.

അമേരിക്കന്‍ കമ്പനിയായ മാന്‍കൈന്‍ഡ്‌ ആണ്‌ ഇന്‍ഹേലര്‍ ആദ്യമായി പുറത്തിറക്കിയത്‌. ഇന്ത്യയില്‍ സിപ്ളയാണ്‌ വിപണിയില്‍ എത്തിക്കുക. ഉപയോഗിച്ച ശേഷം വീണ്ടും മരുന്നു നിറച്ച്‌ രോഗികള്‍ക്കു തന്നെ എളുപ്പത്തില്‍ ഉപയോഗിക്കാമെന്ന സൗകര്യവുമുണ്ട്‌.

കേരള ജനസംഖ്യയില്‍ 18 വയസിനു മുകളില്‍ 27 ശതമാനംപേരും പ്രമേഹരോഗ ബാധിതരാണെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. 10 വര്‍ഷം മുമ്പ്‌ 14 ശതമാനമായിരുന്നു. അത്യപൂര്‍വമായ ടൈപ്പ്‌ 1 പ്രമേഹരോഗ ബാധിതരായ 6000 ഓളം കുട്ടികളും സംസ്‌ഥാനത്തുണ്ട്‌. ലോകത്താകെയുള്ള പ്രമേഹ രോഗികളില്‍ 20 ശതമാനം ഇന്ത്യയിലാണെന്നും പഠനങ്ങള്‍ പറയുന്നു.