മലയാള കവിതയ്ക്ക് പുതുഭാവുകത്വം നൽകിയ കെജി ശങ്കരപിള്ളക്ക് എഴുത്തച്ഛൻ പുരസ്കാരം. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്ന് പുരസ്കാര സമിതി പറഞ്ഞു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്.
മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ ജി ശങ്കരപിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എൻ എസ് മാധവൻ, കെ ആർ മീര, ഡോ. കെ എം അനിൽ, പ്രൊഫ സി പി അബൂബക്കർ എന്നിവരടങ്ങുന്ന പുരസ്കാര സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് കെ ജി ശങ്കരപിള്ള പ്രതികരിച്ചു. 1947ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. 1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു.
