ഗ്യാസ് സിലിണ്ടറിനോ സ്റ്റൗവിനോ ചോർച്ചയുള്ളതായി തോന്നിയാൽ സംശയമാണെന്ന് കരുതി തള്ളിക്കളയരുത്. ഒരു ചെറിയ സ്പാർക്ക് പോലും വലിയ അഗ്നിബാധയിലേക്ക് നയിച്ചേക്കാം. ഗ്യാസിന് ചോർച്ചയുണ്ടായാൽ അടുത്തതായി എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു പോകുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വെപ്രാളം മൂലം അബദ്ധങ്ങൾ ചെയ്ത് വലിയ അപകടങ്ങൾ വിളിച്ചു വരുത്താതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
ചോർച്ചയുണ്ടോ എന്ന് മനസ്സിലാക്കാൻ
* സ്റ്റൗവ്, സിലിണ്ടർ, പൈപ്പ് ലൈൻ തുടങ്ങിയവക്ക് സമീപം ഗ്യാസ് മണക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും ചോർച്ചയുടേതാവാം.
* റെഗുലേറ്റർ, ഗ്യാസ് പൈപ്പ്, ബർണർ തുടങ്ങിയവയിൽ നിന്നും ചീറ്റുന്നതുപോലെയുള്ള ശബ്ദം കേൾക്കുന്നതും ഗ്യാസ് ചോരുന്നതിന്റെ സൂചനയാണ്.
* ബർണറിൽ തീ അസാധാരണമായി ഓറഞ്ചോ മഞ്ഞയോ നിറത്തിൽ കത്തിയാൽ അതും ചെറിയ രീതിയിലുള്ള ചോർച്ചയുള്ളത് മൂലമാവാം.
*സ്റ്റൗവിന്റെ നോബ് ഓഫ് ചെയ്തതിനുശേഷം ഗ്യാസിന്റെ മണം നിലനിൽക്കുന്നത് കണക്ഷനിലോ റെഗുലേറ്ററിലോ ചോർച്ചയുള്ളതിന്റെ സൂചനയാണ്.
ചോർച്ച ഉറപ്പായാൽ എന്ത് ചെയ്യണം?
* ബർണറുകൾ എല്ലാം ഓഫ് ചെയ്ത് വയ്ക്കുക. ഉടൻതന്നെ സിലിണ്ടറിന്റെ റെഗുലേറ്ററും ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക. ലീക്ക് സ്വയം പരിശോധിക്കാനോ ഫിറ്റിങ്സുകൾ അയയ്ക്കാനോ മുറുക്കാനോ സ്വയം ശ്രമിക്കാതിരിക്കുക. ഗ്യാസ് സപ്ലൈ തടസ്സപ്പെടുത്തിയതിനു ശേഷം വിദഗ്ധരുടെ സഹായത്തോടെ മാത്രമേ ചോർച്ച പരിഹരിക്കാവൂ.
* വീട്ടിലുള്ള എല്ലാ ആളുകളെയും ഉടൻതന്നെ പുറത്തെത്തിക്കുക എന്നതാണ് അടുത്ത നടപടി. വളർത്തുമൃഗങ്ങൾ അടക്കം എല്ലാവരും വീട്ടിൽ നിന്നും ചുരുങ്ങിയത് 50 അടി അകലത്തിലെങ്കിലും മാറിനിൽക്കണം.
* തീപ്പൊരി ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക. ചോർച്ച കണ്ടെത്തുന്ന സമയത്ത് തീപ്പെട്ടി, ലൈറ്റർ, മെഴുകുതിരി തുടങ്ങി ചന്ദനത്തിരി പോലും കത്തിക്കാതിരിക്കുക.
* ഇലക്ട്രിക്കൽ സ്വിച്ചുകൾ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ അരുത്. അതേപോലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്ലഗ് ചെയ്യാനോ അൺപ്ലഗ് ചെയ്യാനോ ശ്രമിക്കാതിരിക്കുക. അടിയന്തര സഹായത്തിനു വേണ്ടിയാണെങ്കിലും ഗ്യാസിന്റെ ഗന്ധം തങ്ങിനിൽക്കുന്ന അവസരത്തിൽ വീടിനുള്ളിൽ നിന്ന് മൊബൈൽ ഉപയോഗിക്കാതിരിക്കുക.
* വായു സഞ്ചാരം ഉറപ്പാക്കുന്നതാണ് അപകടം ഒഴിവാക്കാനുള്ള ഏറ്റവും വലിയ മാർഗം. അതിനാൽ ഗ്യാസ് ലീക്ക് ഉണ്ടെന്ന് മനസ്സിലായാൽ പരമാവധി വാതിലുകളും ജനാലകളും തുറന്നിടുക. എന്നാൽ എക്സ്ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കരുത്. ലീക്കേജിന്റെ ഗന്ധം പൂർണമായും നീങ്ങിയെന്ന് ഉറപ്പാകുന്നത് വരെ വായുസഞ്ചാരം ഉണ്ടാകണം.
ചെറിയ രീതിയിലുള്ള ചോർച്ചയാണെങ്കിൽ സിലിണ്ടർ മാറ്റിവച്ച് പരിഹരിക്കാം. സിലിണ്ടർ നന്നായി അടച്ച നിലയിൽ വീടിന് പുറത്തേക്ക് എത്തിച്ച് നനവുള്ള തുണി ഉപയോഗിച്ച് മൂടി വയ്ക്കുക.
* ചോർച്ച ചെറുതോ വലുതോ ആകട്ടെ, പരിഹരിക്കാൻ പ്രൊഫഷനലുകളുടെ തേടണം. ഗ്യാസിന്റെ ഗന്ധം തങ്ങി നിൽക്കുന്നുണ്ടെങ്കിൽ വീടിന് വെളിയിൽ ഇറങ്ങിയശേഷം ഗ്യാസ് വിതരണക്കാരുടെ അടിയന്തരസഹായ നമ്പറിൽ ബന്ധപ്പെട്ട് സഹായം തേടുക. ടെക്നീഷ്യന്മാർ എത്തി പ്രശ്നം പരിഹരിച്ച് ശേഷം മാത്രമേ തിരികെ വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കാവൂ.
ചോർച്ച ഒഴിവാക്കാം
* സിലിണ്ടറിനെയും സ്റ്റൗവിനെയും ബന്ധിപ്പിക്കുന്ന റബ്ബർ ഹോസിൽ വിള്ളലുകളോ പൊട്ടലുകളോ ഇല്ലെന്ന് പതിവായി പരിശോധിച്ച് ഉറപ്പുവരുത്തണം.
* സിലിണ്ടർ മാറ്റി പുതിയത് കണക്ട് ചെയ്യുമ്പോൾ റെഗുലേറ്റർ കൃത്യമായും ദൃഢമായും ഉറപ്പിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
* നേരിട്ട് സൂര്യപ്രകാശമോ ചൂടോ ഏൽക്കാത്ത സ്ഥലത്ത് മാത്രമേ സിലിണ്ടർ വയ്ക്കാവൂ. സിലിണ്ടർ ചരിച്ചു വയ്ക്കരുത്. അതേപോലെ കബോർഡുകൾക്കുള്ളിൽ അടച്ച നിലയിൽ വയ്ക്കാതെ വായുസഞ്ചാരമുള്ള സ്ഥലത്ത് സ്ഥാപിക്കണം.
* മണ്ണെണ്ണ, പേപ്പർ, പ്ലാസ്റ്റിക് തുടങ്ങി എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ ഗ്യാസ് സ്റ്റൗവിന് സമീപം വയ്ക്കരുത്.
* അടുക്കളയിലെ ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കി വേണം ഗ്യാസ് സ്റ്റൗവ് പ്രവർത്തിപ്പിക്കാൻ.
* സാധിക്കുമെങ്കിൽ സ്റ്റൗവിനോ സിലിണ്ടറിനോ സമീപം ഗ്യാസ് ലീക്ക് ഡിറ്റക്ടർ അലാം സ്ഥാപിക്കാം.
