തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്രന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ട്. ഒക്ടോബർ 17 മുതൽ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കും. അടുത്ത 5 ദിവസം ഇടി മിന്നലിനും 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ന്യൂനമർദം രൂപപ്പെടുന്നതെങ്ങനെ?
ന്യൂനമർദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ന്യൂനമർദവും ഒരർഥത്തിൽ കാറ്റിന്റെ കറക്കം തന്നെ. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മർദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. അന്തരീക്ഷത്തിൽ വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് മർദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും. ഘടികാരദിശയിലും എതിർഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാരദിശയിലും ആണ് ഉണ്ടാകുക. ഭൂമിയുടെ കറക്കം കൊണ്ടുണ്ടാകുന്ന കൊറിയോലിസ് ബലമാണ് അർധഗോളങ്ങളിൽ ഇത്തരത്തിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്.
ചക്രവാതച്ചുഴി ശക്തിപ്പെട്ടാൽ ന്യൂനമർദമാകും. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണം എന്നില്ല. ചക്രവാതച്ചുഴി ന്യൂനമർദമാകുകയും അത് പിന്നീട് ഡിപ്രഷൻ അഥവാ തീവ്രന്യൂന മർദമാകുകയും പിന്നാലെ ഡീപ് ഡിപ്രഷൻ അഥവാ അതിതീവ്ര ന്യൂനമർദമാകുകയും ചെയ്താൽ മാത്രമേ ചുഴലിക്കാറ്റിലേക്കുള്ള വഴിതുറക്കുകയുള്ളൂ.
