കാലവർഷം കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങി. നിലവിൽ കർണാടകയുടെയും തെലുങ്കാന അതിർത്തി വരെ പിൻവാങ്ങി. അടുത്ത 2,3 ദിവസത്തിനുള്ളിൽ കൂടുതൽ മേഖലയിൽ നിന്ന് കാലവർഷം പൂർണമായും വിട പറയും. നിലവിൽ തുലാവർഷ സമാനമായ ഇടി മിന്നലോട് കൂടിയ മഴ ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ വർധനവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.
വടക്കുകിഴക്കൻ മൺസൂണാണ് കേരളത്തിന്റെ തുലാവർഷം. തുലാമാസത്തിൽ തുടങ്ങുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മഴക്കാലമാണിത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ഇത് നീളും. ഡിസംബർ അവസാനത്തോടെ മഴയ്ക്ക് ശക്തി കുറഞ്ഞു തുടങ്ങും. ഒക്ടോബറിലാണ് കൂടുതൽ മഴ ലഭിക്കുക. കനത്ത മഴയും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ പ്രത്യേകത. ഉച്ചയ്ക്കു ശേഷമായിരിക്കും മഴ. ഉച്ചവരെ കനത്ത ചൂടായിരിക്കും. ശേഷം ഇരുണ്ട് മൂടി ഇടിമിന്നലുമായി മഴയെത്തുന്നു. തുടർച്ചയായി മഴ പെയ്യുന്നതിനിടയിൽ നല്ല വെയിലുള്ള ഇടവേളകളും ഉണ്ടാകും.
പശ്ചിമഘട്ടം കടന്നു വരുന്ന മഴമേഘങ്ങളാണ് കേരളത്തിൽ തുലാവർഷം പെയ്യിക്കുന്നത്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് ഇക്കാലത്ത് കൂടുതൽ മഴ ലഭിക്കുക. തുലാവർഷത്തിന്റെ ശക്തി കുറയുന്നതോടെ തണുപ്പുകാലം തുടങ്ങും.
ഒരു നൂറ്റാണ്ടിലധികം കാലം നമ്മുടെ നാട്ടിലെ മഴയുടെ വിവരങ്ങൾ വിശകലനം ചെയ്ത് കാലാവസ്ഥാ ശാസ്ത്രജ്ഞർ ചില നിഗമനങ്ങളിലെത്തിയിട്ടുണ്ട്. അതനുസരിച്ച് തുലാവർഷത്തിന്റെ തുടക്കം മിക്കവാറും ഒക്ടോബർ 19– നായിരിക്കും. ഇതിൽ എട്ടു ദിവസത്തെ വ്യത്യാസം വന്നേക്കാം. 1915– ലെ തുലാവർഷമാണ് അറിഞ്ഞതിൽ വച്ച് ഏറ്റവും താമസിച്ച് തുടങ്ങിയത്. ആ വർഷം മഴ തുടങ്ങിയത് നവംബർ 11– നായിരുന്നു. ചില വർഷങ്ങളിൽ തുലാവർഷം നേരത്തെ എത്തിയിട്ടുമുണ്ട്.
