ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മച്ചാഡോയ്ക്ക്. ‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവർക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകുന്നത്’, എന്ന് നൊബേൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നിരാശ നൽകുന്നതാണ് ഈ പ്രഖ്യാപനം. സമാധാന നൊബേലിന് തൻ്റെയത്ര അർഹത മറ്റാർക്കുമില്ലെന്ന വാദം ട്രംപ് നിരന്തരം ആവർത്തിച്ചിരുന്നു.
അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താൻ, കംബോഡിയ -തായ്ലാൻഡ്, കൊസോവോ-സെർബിയ, കോംഗോ-റുവാണ്ട, ഇസ്രയേൽ-ഇറാൻ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബയ്ജാൻ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ/യുദ്ധങ്ങൾ താൻ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം
