ഓണം ആഘോഷിക്കാൻ മുൻകൂർ തവണകളായി പണം വാങ്ങി കിറ്റ് ഒരുക്കുന്ന വ്യാപാരികളും അയൽക്കൂട്ടങ്ങളും വിലക്കയറ്റത്തിൽ നെട്ടോട്ടമോടുകയാണ്. 40 ശതമാനം വരെ വില ഓരോ പലചരക്ക് ഉത്പ്പന്നങ്ങൾക്കും കൂടിയതോടെ എങ്ങനെ കിറ്റ് നൽകുമെന്നതാണ് ആശങ്ക.
ഓണത്തിന് പിന്നാലെ ആഴ്ചയിലോ, മാസത്തിലോ നിശ്ചിതതുക വീതം ആളുകളിൽ നിന്ന് വാങ്ങി അടുത്ത ഓണക്കാലത്ത് കിറ്റ് നൽകുന്നതാണ് പദ്ധതി. കിറ്റിലുള്ള സാധനങ്ങളെക്കുറിച്ചും അളവും നേരത്തെ അറിയിക്കും. പല അയൽക്കൂട്ടങ്ങളും കുടുംബശ്രീ യൂണിറ്റുകളും വ്യാപാരികളുമൊക്കെ വർഷങ്ങളായി ഇത്തരത്തിൽ കിറ്റ് നൽകാറുണ്ട്. പലരിൽ നിന്ന് നിശ്ചിത തുക ഈടാക്കുമ്പോൾ ആകെ തുക ലക്ഷങ്ങൾ വരും. വർഷം മുഴുവൻ ചെലവഴിക്കാമെന്നതും ചെറിയ ലാഭവുമാണ് വ്യാപാരികളുടെ നേട്ടം. ഓണത്തിന് ഒരുമിച്ച് പണം കണ്ടെത്താതെ വിഭവ സമൃദ്ധമായ സദ്യയൊരുക്കാമെന്നതാണ് ഉപഭോക്താക്കൾക്കുള്ള മെച്ചം. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചതോടെ ഇത്തവണ കാര്യങ്ങൾ തകിടം മറിയുകയാണ്.
ചില സ്ഥലങ്ങളിൽ ഓണവിഭവങ്ങൾ ഒരുക്കാനുള്ള പച്ചക്കറി കിറ്റും നൽകിയിരുന്നു. ഇത്തരക്കാർക്കും ഇത്തവണ നഷ്ടം സഹിക്കാതെ കിറ്റ് നൽകാൻ സാധിക്കില്ല എന്നതാണ് അവസ്ഥ.