കോട്ടയം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടുദിവസം നടത്തിയ പ്രത്യേക പരിശോധനയിൽ 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചവയും ലൈസൻസ് എടുക്കേണ്ട വിഭാഗത്തിലായിട്ടും രജിസ്ട്രേഷൻ മാത്രമായി പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങളാണ് പൂട്ടിയത്. ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി മുമ്പ് പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലൈസൻസ് പരിശോധനാ ഡ്രൈവ് നടത്തുകയായിരുന്നു.
ഓപറേഷൻ ഫോസ്കോസ് എന്ന പേരിലായിരുന്നു പരിശോധന. എട്ടു സ്ക്വാഡുകൾ പരിശോധനയിൽ പങ്കെടുത്തു. 672 സ്ഥാപനങ്ങൾ പരിശോധിച്ചു. പൂട്ടിയ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമീഷണർ സി ആർ രൺദീപ് അറിയിച്ചു. പിഴയടച്ചശേഷം ലൈസൻസിന് രേഖാ മൂലം അപേക്ഷിക്കണം. ഇതിന് ശേഷമേ തുറക്കാൻ അനുവദിക്കൂ. പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണം. സ്വന്തമായി ഭക്ഷണം നിർമിച്ചു വിൽക്കുന്നവർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താൽക്കാലിക കച്ചവടക്കാർ എന്നിവർക്കാണ് രജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കണം.