പുതിയ ആദായനികുതിബില്ലിലെ പ്രധാന മാറ്റങ്ങൾ

ad

1961-ൽ രാജ്യത്തു നടപ്പാക്കിയ ആദായനികുതി നിയമങ്ങൾക്കു പകരമായി ഭാഷ ലളിതമാക്കിയും നടപടിക്രമങ്ങൾ കുറച്ചും മാറ്റങ്ങൾ വരുത്തി പുതിയ ആദായനികുതി ബിൽ 2025 ലോക്‌സഭ കടന്നിരിക്കുന്നു.

പാർലമെന്റിൻ്റെ സെലക്‌ട് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി കൂടുതൽ വ്യക്തതയോടെയാണ് പുതിയ ബിൽ ധനമന്ത്രി നിർമലാ സീതാരാമൻ പാസാക്കിയെടുത്തത്. പുതിയ ബില്ലിനുമുകളിൽ ചർച്ചകളുണ്ടായില്ലെന്നത് പോരായ്മയാണ്.

പുതിയ ബില്ലിലെ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ

  • കണക്കെടുപ്പു വർഷം, മുൻവർഷം തുടങ്ങിയവ ഒഴിവാകും. ഇനി ‘നികുതി വർഷം’ മാത്രം.
  • ആദായനികുതി പരിശോധനകളിൽ ആരോപണവിധേയന്റെ കംപ്യൂട്ടർ സംവിധാനങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനു തുറന്നു പരിശോധിക്കാൻ അധികാരം. നികുതി അധികാരികൾക്ക് വാതിലുകൾ, ബോക്സ്, ലോക്കർ, സേഫ്, അലമാര മുതലായവയുടെ പൂട്ട് സ്വമേധയാ തുറന്നു പരിശോധിക്കാം.
  • റിട്ടേൺ ഫയൽ ചെയ്യുന്നതിന് കാലതാമസം വന്നാലും റീഫണ്ടിന് അവകാശമുന്നയിക്കാം. വ്യക്തിഗത ആദായനികുതിദായർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് തീരുമാനം
  • സ്രോതസ്സിലെ നികുതി സംബന്ധിച്ച തിരുത്തൽ സത്യവാങ്മൂലം നൽകാനുള്ള സമയപരിധി ആറുമാസമായി ചുരുക്കി. പഴയ നിയമത്തിൽ രണ്ടുവർഷംവരെ സമയം നൽകിയിരുന്നു
  • താമസിക്കുന്ന വീടുൾപ്പെടെ പ്രോപ്പർട്ടി ടാക്സ‌് നടപടിക്രമം, പെൻഷൻ നികുതിയിളവ് എന്നിങ്ങനെയുള്ള കാര്യങ്ങളിലുണ്ടായിരുന്ന അവ്യക്തത നീക്കി
  • അനാവശ്യവും ആവർത്തിച്ചുള്ളതുമായ ചട്ടങ്ങൾ ഒഴിവാക്കി. വകുപ്പുകൾ അക്ഷരങ്ങൾ ഉപയോഗിച്ചു തിരിക്കുന്നതിനു പകരം തുടർച്ചയായ നമ്പർ നൽകി.
  • ഡിജിറ്റൽ ആസ്‌തികളും ഡിജിറ്റൽ ഇടപാടുകളും ഓൺലൈൻ വഴിയുള്ള വരുമാനവും ആദായനികുതിയുടെ ഭാഗമായി
  • പെൻഷനും ഗ്രാറ്റുവിറ്റിയും ഒരുമിച്ച് (കമ്യൂട്ടഡ് പെൻഷൻ) കുടുംബാംഗങ്ങൾക്കു ലഭിക്കുമ്പോഴുള്ള നികുതിയിളവു സംബന്ധിച്ച് കൂടുതൽ വ്യക്തത കൊണ്ടുവന്നു
  • നഷ്ടം അടുത്തവർഷത്തേക്ക് നികുതിയിളവിനായി കാരി ഫോർവേഡ് ചെയ്യാനും മത ട്രസ്റ്റുകൾക്കു ലഭിക്കുന്ന അജ്ഞാത സംഭാവനകൾക്ക് നികുതിയിളവു നൽകാനുമുള്ള വ്യവസ്ഥകൾ നിലനിർത്തി.
  • വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സൂക്ഷ്മ‌-ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) നികുതിയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങൾ ലളിതമാക്കി.
  • ആദായനികുതി നിയമത്തിലെ വകുപ്പുകൾ കുറഞ്ഞു. 1961-ലെ ബില്ലിൽ 700-ലധികം വകുപ്പുകൾ. പുതിയതിൽ 536 എണ്ണം മാത്രം. അധ്യായങ്ങളിൽ മാറ്റമില്ല. 23 എണ്ണം. ഷെഡ്യൂളുകൾ 14-ൽനിന്ന് 16 ആയി കൂടി. പേജ് 823-ൽ നിന്ന് 622 ആയി കുറഞ്ഞു.
  • പ്രാബല്യത്തിലാവുക 2026 ഏപ്രിൽ ഒന്ന് മുതൽ.