ചാന്ദ്രയാൻ 3 ; നിർണായക വഴിതിരിയൽ ഇന്ന്‌ അർധരാത്രിക്കുശേഷം

ചാന്ദ്രയാൻ 3ന്റെ നിർണായക വഴിതിരിയൽ തിങ്കൾ അർധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂർത്തിയാക്കി ചൊവ്വ പുലർച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും. 12.05ന്‌ ഇതിനായുള്ള പ്രവർത്തനങ്ങൾ ബംഗളൂരുവിലെ ഐഎസ്‌ആർഒ ട്രാക്കിങ്‌ സ്‌റ്റേഷനായ ഇസ്‌ട്രാക്കിൽ ആരംഭിക്കും.

നിലവിൽ 236-1,27,609 കിലോമീറ്റർ എന്ന പഥം വഴി എത്തുന്ന പേടകത്തിലേക്ക്‌ പ്രത്യേക കമാന്റ്‌ ഇസ്‌ട്രാക്ക്‌ നൽകും. ഇത്‌ സ്വീകരിച്ച്‌ പേടകത്തിലെ ത്രസ്‌റ്റർ 20 മിനിട്ട്‌ ജ്വലിക്കും. 180 കിലോ ഇന്ധനമാണ്‌ ഇതിനായി ഉപയോഗിക്കുക. ഭൂഗുരുത്വാകർഷണം ഭേദിച്ച്‌ ചന്ദ്രനിലേക്ക്‌ നേരിട്ട്‌ കുതിക്കാനുള്ള ശേഷി ഇതുവഴി ലഭിക്കും. 3.67 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ വലയത്തിലേക്ക്‌ ആഗസ്‌ത്‌ അഞ്ചിന്‌ പേടകം കടക്കും. ഇതിനിടയിൽ നേരിയ പാത തിരുത്തൽ പ്രക്രിയ ഉണ്ടാകും. ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തുംമുമ്പ്‌ വേഗത കുറച്ച്‌ നിയന്ത്രിക്കും. ലിക്വിഡ്‌ അപോജി മോട്ടോർ വിപരീതദിശയിൽ ജ്വലിപ്പിച്ചാകുമിത്‌. 170 നും 17,000 കിലോമീറ്ററിനും ഇടയിൽ ദീർഘവൃത്താകൃതിയിലുള്ള പഥത്തിലാകും ആദ്യം പേടകം ചന്ദ്രനെ ചുറ്റുക. തുടർന്ന്‌ പടിപടിയായി പഥം താഴ്‌ത്തും.

ആഗസ്‌ത്‌ പകുതിക്കുശേഷം ലാന്ററും റോവറും അടങ്ങുന്ന പേടകം ചന്ദ്രന്റെ നൂറു കിലോമീറ്റർ അടുത്തുള്ള പഥത്തിലെത്തും. ഇവിടെവച്ച്‌ പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെടും. 23ന്‌ വൈകിട്ട്‌ 5.45ന്‌ ദക്ഷിണ ധ്രുവത്തിലെ നിശ്‌ചിത സ്ഥലത്ത്‌ സോഫ്‌റ്റ്‌ ലാന്റ്‌ ചെയ്യും. ദൗത്യം വിജയകരമാണെങ്കിൽ ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ്‌ ലാന്റ്‌ ചെയ്യുന്ന ആദ്യ രാജ്യമാകും ഇന്ത്യ.