മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡിജിറ്റൽ ഹാജർ സംവിധാനത്തിൽ ക്രമക്കേടെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. നാഷനൽ മൊബൈൽ മോണിറ്ററിങ് സംവിധാനത്തിൽ (എൻഎംഎംഎസ്) ഹാജർ രേഖപ്പെടുത്തുന്നതിലും ജോലി സ്ഥലത്തെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിലുമാണ് ക്രമക്കേട്. ഈ സാഹചര്യത്തിൽ അധികൃതർ നേരിട്ടെത്തി ഹാജർ പരിശോധിക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
ഡിജിറ്റൽ ഹാജർ രീതിയെ മുൻപ് ഏറെ പ്രകീർത്തിച്ചിരുന്ന മന്ത്രാലയം തന്നെയാണ് ഇപ്പോൾ പിഴവുകൾ ചൂണ്ടിക്കാട്ടുന്നത്. ജോലിയുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നു, യഥാർഥത്തിൽ ജോലി ചെയ്തവരുടെ എണ്ണവും രേഖപ്പെടുത്തിയ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട്, ഉച്ചയ്ക്കു ശേഷമുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നില്ല തുടങ്ങി 7 പിഴവുകളാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.
ഗ്രാമപഞ്ചായത്തുകളാണെങ്കിൽ ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തുന്ന ഹാജരും ചിത്രങ്ങളും മുഴുവൻ അന്നു തന്നെ പരിശോധിക്കണമെന്നാണ് നിർദേശം. ബ്ലോക്ക് തലത്തിലാണെങ്കിൽ 200 ചിത്രങ്ങൾ അല്ലെങ്കിൽ അപ്‌ലോഡ് ചെയ്ത 20% ചിത്രങ്ങൾ പരിശോധിക്കണം. ഇതിന് ഒരു ദിവസം അധികമായി നൽകിയിട്ടുണ്ട്. ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർമാർ (ഡിപിസി) 30 ചിത്രങ്ങൾ പരിശോധിക്കണമെന്നും ജില്ലാതല ഉദ്യോഗസ്ഥർ 100 അല്ലെങ്കിൽ 10% ചിത്രങ്ങൾ പരിശോധിക്കണം. സംസ്ഥാന തലത്തിലെ ഉദ്യോഗസ്ഥർ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് 2 ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദേശം.
