മിക്ക വിഭവങ്ങളുടെയും പ്രധാന ചേരുവയാണ് സവാള. അതില്‍ കാണുന്ന കറുത്ത പൊടിപോലുള്ള പദാർഥം എന്താണെന്നും അത്തരം സവാള ഭക്ഷ്യയോഗ്യമാണോ എന്നും പരക്കെ സംശയം നിലനിൽക്കുന്നുണ്ട്. ആസ്പെർജില്ലസ് നൈഗർ എന്ന കുമിളാണ് സവാളയിലെ കറുപ്പിനു കാരണം. പൊതുവേ മണ്ണിൽ കാണപ്പെടുന്ന ഈ ഫംഗസ് ചെടികളെ ബാധിക്കുമ്പോഴാണ് ഇത്തരത്തിൽ കറുത്ത പൊടി പോലെ കാണുന്നത്.
വിളകള്‍ വായുസഞ്ചാരം കുറവുള്ളതും ഈർപ്പം കൂടുതലുള്ളതുമായ ഇടങ്ങളിൽ സൂക്ഷിക്കുമ്പോള്‍ ഈ ഫംഗസ് പെരുകുന്നു. ചെറിയ തോതിലേ ഉള്ളൂവെങ്കിൽ നന്നായി കഴുകി ഉപയോഗിച്ചാൽ ദോഷമില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
നല്ല ആരോഗ്യമുള്ളവരില്‍ ഈ ഫംഗസ് അപകടകാരിയല്ലെങ്കിലും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ശ്വാസകോശസംബന്ധമായ രോഗമുള്ളവരിലും ഇവ പ്രശ്നമാകാം. അകം പാളികളിലും ഉള്ളിലും പൂപ്പലും അഴുകലും കാണുകയാണെങ്കിൽ സവാള പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
