ശാരീരിക, മാനസിക, ലൈംഗിക അതിക്രമം നേരിടുന്ന വനിതകൾക്ക് സഹായമൊരുക്കാൻ സർക്കാരിന്റെ കരുതലായ ‘സഖി വൺ സ്റ്റോപ്പ് കേന്ദ്രം’ കോട്ടയം ജില്ലയിൽ പ്രവർത്തനം തുടങ്ങുന്നു. കുറവിലങ്ങാടിനടുത്ത് കോഴായിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിനു സമീപമുള്ള കേന്ദ്രം ശനി പകൽ 11.30ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്‌ഘാടനം ചെയ്യും.
അതിക്രമങ്ങൾക്കിരയാകുന്നവർ ആശുപത്രി, പൊലീസ് സ്റ്റേഷൻ, അഭയകേന്ദ്രം, കൗൺസിലിങ് സ്ഥാപനങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ കയറിയിറങ്ങുന്നത് സഖി കേന്ദ്രം തുറക്കുന്നതോടെ ഒഴിവാക്കാനാകും. ഇരുപത്തിനാല് മണിക്കൂറും ഇവിടെനിന്ന് സേവനം ലഭിക്കും. താൽക്കാലിക അഭയം, ചികിത്സ, നിയമസഹായം, പൊലീസ് സേവനം, കൗൺസിലിങ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
വനിതാശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ കലക്ടർ അധ്യക്ഷയായ സമിതിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. വനിതാ ഓഫീസർക്കാണ് ചുമതല. കൗൺസിലർ, ഡോക്ടർ, പൊലീസ്, അഭിഭാഷകർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ തുടങ്ങിയവരുടെ സേവനവും ലഭിക്കും. പൊലീസ്, കോടതി നടപടികൾക്കായി ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസ് സൗകര്യവും സെന്ററിൽ ഒരുക്കും.
അതിക്രമം നേരിട്ടവർക്ക് അഞ്ചുദിവസം വരെ കേന്ദ്രത്തിൽ താമസിക്കാം. സഹായം തേടുന്ന സ്ത്രീക്കൊപ്പം ഏത് പ്രായത്തിലുള്ള മകൾക്കും 13 വയസ്സ് വരെയുള്ള മകനും കൂടെ നിൽക്കാം.
പൊതു, സ്വകാര്യ ഇടങ്ങളിൽ അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സഖി കേന്ദ്രങ്ങളിൽ നേരിട്ടെത്താം. അല്ലെങ്കിൽ വനിത ഹെൽപ് ലൈൻ (1091), നിർഭയ ടോൾ ഫ്രീ (1800 425 1400), ചൈൽഡ്‌ലൈൻ(1098) ഇവയിൽ ഏതെങ്കിലും നമ്പരിൽ വിളിച്ച് സേവനം ആവശ്യപ്പെടാം. പൊതു പ്രവർത്തകർക്കും സന്നദ്ധ സംഘങ്ങൾക്കും വിവരം അറിയിക്കാം.