ലിംഗസമത്വം കൈവരിക്കുന്നതിൽ സംസ്ഥാനത്തിൻ്റെ പുരോഗതി സംബന്ധിച്ച് ജെൻഡർ പാർക്ക് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുന്നു. കേരളസംസ്ഥാനം രൂപവത്കരിച്ച 1956 മുതലുള്ള ഈ രംഗത്തെ പുരോഗതിയാണ് പരിശോധിക്കുന്നത്. യുഎൻ വനിതാ സംഘടനയുമായി സഹകരിച്ചാണിത്. ഇതുസംബന്ധിച്ച് ജെൻഡർ പാർക്ക് ഡയറക്ടർ നൽകിയ ആശയം സർക്കാർ അംഗീകരിച്ചു. പഠനത്തിനുള്ള ഇൻ്റേൺഷിപ്പിനും അനുമതി നൽകിയിട്ടുണ്ട്.
വനിതാ-ശിശുവികസന വകുപ്പിനു കീഴിൽ ലിംഗസമത്വത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംരംഭമാണ് ജെൻഡർ പാർക്ക്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ സംസ്ഥാനത്തിന്റെ 68 വർഷത്തെ യാത്ര രേഖപ്പെടുത്താൻ പര്യാപ്തമായ രേഖയായിരിക്കും ഈ റിപ്പോർട്ട്. സ്ത്രീകൾക്ക് തുല്യത നേടിക്കൊടുക്കുന്നതിലെ പോരായ്മകളും വെല്ലുവിളികളും ഇതിൽ വിശകലനം ചെയ്യും.
സ്ത്രീ ശാക്തീകരണത്തിൻ്റെ മികച്ച രീതികളും വിജയമാതൃകകളും രേഖപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ വിവിധ മേഖലകൾ പഠനവിധേയമാക്കും. സാമ്പത്തിക ശാക്തീകരണം, രാഷ്ട്രീയ പങ്കാളിത്തം, സാമൂഹിക നീതി, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയവയും പരിശോധിക്കും.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ, നയങ്ങൾ, പദ്ധതികൾ, ബജറ്റ് രേഖകൾ, നിയമസഭാ നടപടികൾ, അക്കാദമിക് പഠനങ്ങൾ തുടങ്ങിയ വിവരസ്രോതസ്സുകൾ ഉപയോഗിച്ചാണ് വിശകലനം നടത്തുക. അക്കാദമിക് ജേണലുകളിലും സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രയോജനപ്പെടുത്തും.
ദേശീയ, രാജ്യാന്തര സംഘടനകളിൽ നിന്നുള്ള റിപ്പോർട്ടുകൾ, ഓൺലൈൻ വിവരങ്ങൾ എന്നിവയും ശേഖരിക്കും. ഗവേഷണ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന കരട് റിപ്പോർട്ട്, വിദഗ്ധർ പരിശോധിച്ചു നൽകുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും അന്തിമമാക്കുക. ഡിസംബർ അവസാനത്തോടെ റിപ്പോർട്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം.
