ബക്ക് മൂൺ ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. ജൂലൈയിലെ ആദ്യത്തെ പൂർണ്ണചന്ദ്രനെയാണ് ബക്ക് മൂൺ എന്ന് വിശേഷിപ്പിക്കുന്നത്. കർക്കടസംക്രാന്തിയോട് (ഉത്തരായനാന്തം) അടുത്തുനിൽക്കുന്നതിനാൽ ഈ ചന്ദ്രൻ സാധാരണയായി കൂടുതൽ തിളക്കത്തോടെ ആകാശത്ത് ദൃശ്യമാകും. ഭൂമിയുടെ ഒരു ധ്രുവം സൂര്യനിലേക്ക് ഏറ്റവും കുത്തനെ ചായുന്ന സമയമാണ് ഉത്തരായനാന്തം.
വ്യാഴാഴ്ച്ച രാത്രി 7.42 ന് വടക്കൻ അർദ്ധഗോളത്തിലാണ് ചന്ദ്രോദയം ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്. ആൺ മാനുകൾ അഥവാ ‘ബക്കു’കളുടെ കൊമ്പുകൾ വേഗത്തിൽ വളരുന്ന സമയമാണിത്. ഈ കാലഘട്ടത്തിലെ പൂർണ ചന്ദ്രനെയാണ് ബക്ക് മൂൺ എന്ന് വിളിക്കുന്നത്. ജൂലൈ പത്തിന് ബക്ക് മൂൺ അതിൻ്റെ ഏറ്റവും പൂർണതയിലെത്തും. വൈകുന്നേരം ചന്ദ്രോദയത്തിനുശേഷം നഗ്നനേത്രങ്ങൾ കൊണ്ട് വലുതും സ്വർണ നിറമുള്ള ബക്ക് മൂണിനെ കാണാം.
സൂര്യന് എതിർവശത്തായി വരുന്നതിനാൽ, ബക്ക് മൂൺ വർഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂർണ്ണചന്ദ്രനിൽ ഒന്നായിരിക്കും. ശുക്രനും ശനിയും ഉൾപ്പെടെയുള്ള ഗ്രഹങ്ങൾക്ക് ഒപ്പം അതിശയകരമായ കാഴ്ചയാകും ചന്ദ്രോദയം. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഇന്ത്യയിലുടനീളം ഈ ആകാശ പ്രതിഭാസം ദൃശ്യമാകും.
തദ്ദേശീയ ഗോത്രങ്ങളിൽ നിന്നുള്ളവർ ജൂലൈയിലെ പൂർണ്ണചന്ദ്രനെ മറ്റ് പേരുകളിലും സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ കാലാവസ്ഥയിൽ ബക്ക് മൂൺ പ്രത്യക്ഷപ്പെടുന്നതിനാൽ ചില തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങൾ ഇതിനെ “തണ്ടർ മൂൺ” എന്ന് വിളിക്കുന്നു. മറ്റുചിലർ “സാൽമൺ മൂൺ” എന്നും വിളിശേഷിപ്പിക്കാറുണ്ട്.
