പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡർ (വിഡിആർ) ഇന്ന് പരിശോധിക്കും. നിലവിൽ ടി ആൻഡ് ടി സാൽവേജ് അധികൃതർ വിഡിആർ ഏറ്റുവാങ്ങിയിരുന്നു. കപ്പൽ ക്യാപ്റ്റന്റെ നേതൃത്വത്തിലാണ് ഇത് പരിശോധിക്കുക. കപ്പലപകടത്തിൻ്റെ വിശദവിവരങ്ങൾ പരിശോധനയിലൂടെ അറിയാനാകും.
കപ്പലിനെ 72 മണിക്കൂറിനകം ഇന്ത്യൻ തീരത്തിന് 100 നോട്ടിക്കൽ മൈൽ അകലേക്ക് നീക്കാൻ കപ്പൽ കമ്പനിക്ക് ഡിജി ഷിപ്പിങ് നിർദേശം നൽകി. ഇന്ധനച്ചോർച്ച ഉണ്ടായാൽ മലിനീകരണപ്രശ്‌നങ്ങൾ ഒഴിവാക്കാനാണിത്. കപ്പൽ ഉടമകളോട് ഇന്ധനനീക്കത്തിന് കർമപദ്ധതി തയ്യാറാക്കാൻ ഡിജി ഷിപ്പിങ് ആവശ്യപ്പെട്ടിരുന്നു.
കപ്പലിൽ ഇപ്പോഴും ചെറിയതോതിൽ പുക ഉയരുന്നുണ്ട്. എന്നാൽ തീപിടിത്തത്തെ തുടർന്ന് കപ്പലിന്റെ ഘടനയ്ക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് ഡിജി ഷിപ്പിങ് വിലയിരുത്തൽ. സക്ഷം കപ്പലിന്റെ സഹായത്തോടെ കൂടുതൽ അഗ്‌നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കൽ പുരോഗമിക്കുന്നു. ബോക്ക വിങ്കർ, സരോജ ബ്ലസിങ്, വാട്ടർ ലില്ലി എന്നിവയുടെ സഹായത്തോടെ കപ്പലിനെ തണുപ്പിക്കുന്നുണ്ട്.
അതേസമയം, ആലപ്പുഴ തീരത്തിനുസമീപം ഒഴുകിനടക്കുന്ന കണ്ടെയ്‌നർ എംഎസ്‌സി എൽസ മൂന്നിൽ നിന്നുള്ളതാണെന്ന് ഡിജി ഷിപ്പിങ് സ്ഥിരീകരിച്ചു. ഇതിൽ പ്ലാസ്റ്റിക് നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളാണെന്നാണ് സൂചന. കണ്ടെയ്‌നർ തീരത്തടിഞ്ഞ് മലിനീകരണം ഉണ്ടാകാതിരിക്കാൻ ശ്രമം തുടങ്ങി. നിരീക്ഷണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കടലിലും തീരത്തും ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
