പാരിസ് ഒളിമ്പിക്‌സ്‌ അടുത്തവർഷം ജൂലൈ 26 മുതൽ

2024 ജൂലൈ 26 മുതൽ ആഗസ്‌ത്‌ 11 വരെയാണ്‌ 33-ാം ഒളിമ്പിക്‌സ്‌ പാരിസില്‍ അരങ്ങേറുക. മൂന്നാംതവണയാണ്‌ ഫ്രാൻസിന്റെ തലസ്ഥാനം ഒളിമ്പിക്‌സിന്‌ ആതിഥേയരാകുന്നത്‌. 1900, 1924 വർഷങ്ങളിൽ പാരിസ്‌ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുണ്ട്‌. ലണ്ടൻ മാത്രമാണ്‌ ഇതിനുമുമ്പ്‌ മൂന്നുതവണ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുള്ളത്‌.

ഇരുനൂറോളം രാജ്യങ്ങളിൽനിന്നായി 10500 അത്‌ലീറ്റുകൾ 17 ദിവസത്തെ ഗെയിംസിൽ അണിനിരക്കും. 32 കായിക ഇനങ്ങളിലായി 329 മെഡലുകൾ നിശ്‌ചയിക്കപ്പെടും. ആധിപത്യത്തിനായി അമേരിക്ക, ചൈന, ജപ്പാൻ ടീമുകളായിരിക്കും പോരടിക്കുക. കഴിഞ്ഞതവണ 39 സ്വർണമടക്കം 113 മെഡലുമായാണ്‌ അമേരിക്ക ഒന്നാമതെത്തിയത്‌. ചൈന 38 സ്വർണത്തോടെ 89 മെഡൽ നേടി. ജപ്പാൻ 27 സ്വർണവുമായി മൂന്നാമതായി.

അതേസമയം, പാരിസ്‌ ഒളിമ്പിക്‌സിന്‌ ഇതുവരെ ഒമ്പത്‌ ഇന്ത്യൻ താരങ്ങൾ യോഗ്യത നേടി. പുരുഷന്മാരുടെ ലോങ്ജമ്പിൽ മലയാളിയായ എം ശ്രീശങ്കർ മത്സരിക്കും. ഇരുപത്തിനാലുകാരന്റെ രണ്ടാം ഒളിമ്പിക്‌സാണ്‌. 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ അവിനാഷ്‌ സാബ്‌ലേയുണ്ടാകും. നടത്തക്കാരായ അക്ഷദീപ്‌ സിങ്, പ്രിയങ്ക ഗോസ്വാമി, വികാസ്‌ സിങ്, പരംജീത്‌ സിങ് എന്നിവർക്കും യോഗ്യതയായി. ഷൂട്ടർമാരായ ഭൗനീഷ്‌ മെൻഡിറാട്ട, രുദ്രാക്ഷ്‌ പാട്ടീൽ, സ്വപ്‌നീൽ കുശാലെ എന്നിവർ വെടിവയ്‌ക്കാനുണ്ടാകും.ടോക്യോയിൽ ഒരു സ്വർണവും രണ്ട്‌ വെള്ളിയും നാല്‌ വെങ്കലവുമാണ്‌ ഇന്ത്യ നേടിയത്‌. ജാവ്‌ലിൻ ത്രോയിൽ നീരജ്‌ ചോപ്രയുടെ സ്വർണം അപ്രതീക്ഷിതമായിരുന്നു.

ഇത്തവണ ഒളിമ്പിക്‌സിലെ പ്രധാന ആകർഷകം പുതിയ ഇനമായ ബ്രേക്കിങ് (ബ്രേക്ക്‌ ഡാൻസിങ്) ആയിരിക്കും. കഴിഞ്ഞതവണ ഉൾപ്പെടുത്തിയ സ്‌പോർട്ട്‌ ക്ലൈമ്പിങ്, സ്‌കേറ്റ്‌ ബോർഡിങ്, സർഫിങ് എന്നിവ തുടരും. കരാട്ടെ, ബേസ്‌ബോൾ, സോഫ്‌റ്റ്‌ബോൾ എന്നിവ ഒഴിവാക്കി.