സംസ്ഥാനത്ത് 8–ാം ക്ലാസ് വരെയുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിൽ ഇനി ചോറ് മാത്രമല്ല, എഗ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, കാരറ്റ് റൈസ് എന്നിവയും ഉൾപ്പെടുത്താം. മുട്ട അവിയൽ, കുരുമുളകിട്ട മുട്ട റോസ്റ്റ് തുടങ്ങിയവയും വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരം പരിഷ്കരിച്ച മെനുവിലുണ്ട്.
സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു.
ഇലക്കറി വർഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകണം.
മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസും നൽകാം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്തുള്ള ചമ്മന്തിയും കൊടുക്കാം. ആഴ്ചയിലൊരിക്കൽ റാഗി കൊഴുക്കട്ട, ഇലയട, അവൽ, കാരറ്റ് / ചെറുധാന്യ പായസം എന്നിവയും സൗകര്യമനുസരിച്ചു പരിഗണിക്കാം.
പരിഷ്കരിച്ച സ്‌കൂൾ ഉച്ചഭക്ഷണ വിഭവങ്ങൾ
ഓരോ 20 ദിവസത്തേക്കുമുള്ള ചോറ് കൂടാതെയുള്ള വിഭവങ്ങൾ
1–ാം ദിവസം– കാബേജ് തോരൻ, സാമ്പാർ
2– പരിപ്പുകറി, ചീരത്തോരൻ
3 – കടല മസാല, കോവയ്ക്ക തോരൻ
4 – ഓലൻ, ഏത്തയ്ക്ക തോരൻ
5 – സോയ കറി, കാരറ്റ് തോരൻ
6 – വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ
7 – തീയൽ, ചെറുപയർ തോരൻ
8 – എരിശ്ശേരി, മുതിര തോരൻ
9 – പരിപ്പുകറി, മുരിങ്ങയില തോരൻ
10 – സാമ്പാർ, മുട്ട അവിയൽ
11 – പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുകറി
12 – പനീർ കറി, ബീൻസ് തോരൻ
13 – ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
14 – വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
15 – വെണ്ടയ്ക്ക മപ്പാസ്, കടല മസാല
16 – തേങ്ങാച്ചമ്മന്തി, വെജിറ്റബിൾ കുറുമ
17 – ചോറ് / എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മൊയ്‍ലി
18 – ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
19 – പരിപ്പ് കുറുമ, അവിയൽ
20 – ചോറ് / ലെമൺ റൈസ്, കടല മസാല
