ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി; നിലവിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും

തെക്കന്‍ ഗുജറാത്തിന് മുകളിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാൻ സാധ്യത. ഇത് മഴയെ കൊങ്കണ്‍ മേഖലയില്‍ സജീവമാക്കുകയും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ മഴയുടെ ശക്തിയില്‍ കുറവു വരുത്തുകയും ചെയ്യും. അതേസമയം, മറ്റൊരു ചക്രവാതച്ചുഴി വടക്ക് –പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്താണ് ചക്രവാതച്ചുഴി?

ന്യൂനമർദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ന്യൂനമർദവും ഒരർഥത്തിൽ കാറ്റിന്റെ കറക്കം തന്നെ. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മർദ്ദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. അന്തരീക്ഷത്തിൽ വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് മർദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും. ഘടികാരദിശയിലും എതിർഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാരദിശയിലും ആണ് ഉണ്ടാകുക. ഭൂമിയുടെ കറക്കം കൊണ്ടുണ്ടാകുന്ന കൊറിയോലിസ് ബലമാണ് അർധഗോളങ്ങളിൽ ഇത്തരത്തിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്.

ചക്രവാതച്ചുഴി ശക്തിപ്പെട്ടാൽ ന്യൂനമർദമാകും. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണം എന്നില്ല. ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുകയും അത് പിന്നീട് ഡിപ്രഷൻ അഥവാ തീവ്രന്യൂന മർദ്ദമാകുകയും പിന്നാലെ ഡീപ് ഡിപ്രഷൻ അഥവാ അതിതീവ്രന്യൂനമർദ്ദമാകുകയും ചെയ്താൽ മാത്രമേ ചുഴലിക്കാറ്റിലേക്കുള്ള വഴിതുറക്കുകയുള്ളു.

ഇതുവരെ ലഭിച്ച മഴ

മൺസൂൺ തുടങ്ങിയത് മുതൽ സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ 861.6 മില്ലിമീറ്റർ മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ലഭിച്ചത് കാസർകോട് ജില്ലയിലാണ്– 1335.9 മില്ലിമീറ്റർ മഴ. മേയ് 24 മുതൽ ജൂൺ 16 വരെയുള്ള കണക്കാണിത്. ഇറിഗേഷൻ ഡാറ്റ അനുസരിച്ച് തയാറാക്കിയ വിവരങ്ങൾ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളമാണ് പുറത്തുവിട്ടത്. രണ്ടാം സ്ഥാനത്ത് കണ്ണൂരാണ്. 1180.9 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ കൊല്ലത്താണ്. 565.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.