കടലിൽ ഓരോ രാജ്യങ്ങൾക്കുമുള്ള അവകാശങ്ങളും അധികാരങ്ങളും എന്താണ്?

കടലിൽ ഓരോ രാജ്യങ്ങൾക്കുമുള്ള അവകാശങ്ങളും അധികാരങ്ങളും എന്താണ്? ഓരോ രാജ്യത്തിൻ്റെയും അതിർത്തിയും അധികാരവും നിർണയിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം കടൽനിയമവുമായി ബന്ധപ്പെട്ട് 1982-ൽനടന്ന യുഎൻ കൺവെൻഷനാണ്. അതുപ്രകാരം അഞ്ചുമേഖലയായി തിരിച്ചാണ് കടലിൽ രാജ്യങ്ങൾക്കുള്ള അവകാശവും അധികാരവും നിശ്ചയിച്ചിരിക്കുന്നത്.

മാരിടൈം ബെൽറ്റ് (ടെറിറ്റോറിയൽ വാട്ടർ)

ഒരു രാജ്യത്തിൻ്റെ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരമാണ് മാരിടൈം ബെൽറ്റ് അഥവാ ടെറിറ്റോറിയൽ വാട്ടർ. 1982-ലെ യുഎൻ കൺവെൻഷൻ്റെ അനുച്ഛേദം മൂന്ന് 12 നോട്ടിക്കൽ മൈൽ എന്നത് ഒരു രാജ്യത്തിന്റെ സമുദ്രാതിർത്തിയായി നിർണയിച്ചു. ഈ മേഖലയിൽ നടക്കുന്ന നിയമലംഘനങ്ങൾക്ക് അതത് രാജ്യത്തെ നിയമമായിരിക്കും ബാധകമാകുക. ഒരു നോട്ടിക്കൽ മൈൽ എന്നത് 1.852 കിലോമീറ്റാണ്.

കോണ്ടിനെന്റൽ ഷെൽഫ് (continental Zone)

200 നോട്ടിക്കൽ മൈൽ ദൂരം കോണ്ടിനെന്റൽ ഷെൽഫായിട്ടാണ് കണക്കാക്കുന്നത്. ഈ മേഖലയിൽ കടലിലെ പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതിന് അതത് രാജ്യങ്ങൾക്കാണ് അവകാശം. മറ്റു രാജ്യങ്ങൾക്ക് അതത് രാജ്യങ്ങളുടെ അനുമതിയോടെമാത്രമേ പ്രകൃതിവിഭവങ്ങളടക്കം ഉപയോഗിക്കാനാകൂ.

എസ്ക്ലൂസീവ് ഇക്കണോമിക് സോൺ

കരയിൽനിന്ന് 200 നോട്ടിക്കൽ മൈൽ ദൂരമാണ് എസ്‌ക്ലൂസീവ് എക്കണോമിക് സോണും. ഈ മേഖലയിലെ കാലാവസ്ഥയടക്കം സംരക്ഷിക്കാനുള്ള അവകാശം അതത് രാജ്യത്തിനുണ്ട്. ഈ മേഖലയിൽ അധികാരമുള്ള രാജ്യങ്ങളുടെ നിയമങ്ങൾ പാലിക്കാൻ മറ്റുരാജ്യങ്ങൾക്ക് ബാധ്യതയുമുണ്ട്.

ചേർന്നുകിടക്കുന്ന മേഖല( contiguous zone)

മാരിടൈം ബെൽറ്റിനോട് ചേർന്നുകിടക്കുന്ന 12 നോട്ടിക്കൽ മൈൽ ആണ് കൻ്റിഗ്യൂസ് സോൺ ആയി കണക്കാക്കുന്നത്. ഇവിടേക്കുള്ള കടന്നുകയറ്റം തടയാൻ അതത് രാജ്യങ്ങൾക്ക് അധികാരമുണ്ട്.

ഹൈ സീ (പുറംകടൽ)

തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിന് പുറത്തുള്ള മേഖലയെയാണ് ഹൈ സീ അല്ലെങ്കിൽ പുറംകടൽ എന്ന് വിശേഷിക്കുന്നത്. ഇവിടെ എല്ലാ രാജ്യങ്ങൾക്കും ഒരേ അവകാശമാണ്.