

നവോദയ വിദ്യാലയങ്ങളിൽ 2026–27 ലെ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലൈ 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തേ 5 ജയിച്ചവരും 2026 ൽ രണ്ടാം ചാൻസിൽ ജയിക്കുന്നവരും അപേക്ഷിക്കേണ്ട. സ്ഥിരതാമസവും പഠനവും സ്കൂൾ സ്ഥിതിചെയ്യുന്ന ജില്ലയിലാകണം. ജനനം 2014 മേയ് 1 – 2016 ജൂലൈ 31. ആർക്കും പ്രായത്തിൽ ഇളവില്ല. ഫോമിനും പ്രോസ്പെക്ടസിനും www.navodaya.gov.in.
അപേക്ഷകരെ സഹായിക്കാൻ കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും സൗജന്യ ഹെൽപ് ഡെസ്കുണ്ട്. സ്കൂളിൽ താമസിച്ചുപഠിക്കണം. സിബിഎസ്ഇ സിലബസാണ്. 8 വരെ മലയാളം മീഡിയം. തുടർന്ന് മാത്സും സയൻസും ഇംഗ്ലിഷിലും സോഷ്യൽ സയൻസ് ഹിന്ദിയിലും. 9–12 ക്ലാസുകളിൽ മാത്രം 600 രൂപ പ്രതിമാസ ഫീസുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് ഈ ഫീസുമില്ല. സർക്കാർ ജീവനക്കാരുടെ കുട്ടികൾക്കു വേറെ നിരക്കുണ്ട്. 9–ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി മേഖലയിലെവിടെയെങ്കിലും ഒരു വർഷം പഠിക്കണം.
സെലക്ഷൻ ടെസ്റ്റ്
ഡിസംബർ 13നു രാവിലെ 11.30ന് ഒഎംആർ രീതിയിൽ 2 മണിക്കൂർ പരീക്ഷയുണ്ട്.
മാനസികശേഷി: 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്
അരിത്മെറ്റിക്: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
ഭാഷ: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
ആകെ: 80 ഒബ്ജക്ടീവ് ചോദ്യം,100 മാർക്ക്, 120 മിനിറ്റ്.
തെറ്റിനു മാർക്ക് കുറയ്ക്കില്ല. ഫലം മാർച്ചിൽ. അപേക്ഷാരീതിയും ചോദ്യമാതൃകകളും പ്രോസ്പെക്ടസിലുണ്ട്. മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുന്നത് നല്ലതാണ്. www.navodaya.gov.in.