പ്ലസ് വൺ 97 അധിക ബാച്ചുകൾക്ക് വിദ്യാഭ്യാസവകുപ്പ് ശുപാർശ

സംസ്ഥാനത്ത് പ്ലസ് വണിന് പുതുതായി 97 അധിക ബാച്ചുകൾ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിക്കുക.

സംസ്ഥാനത്ത്‌ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം വടക്കൻ ജില്ലകളിൽ കൂടുതൽ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രവേശനം ലഭിക്കാത്ത കുട്ടികൾ കൂടുതലുള്ള ഇടങ്ങളിൽ പ്രാദേശികമായേ അധിക ബാച്ചുകൾ അനുവദിക്കൂ. മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലാണ്‌ കൂടുതൽ ബാച്ചുകൾക്ക്‌ സാധ്യത.

വിദ്യാർഥികൾക്ക്‌ ഇഷ്ടവിഷയങ്ങളിലേക്കും താൽപ്പര്യം കൂടുതലുള്ള സ്‌കൂളുകളിലേക്കും മാറാനുള്ള അവസരം രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ കഴിഞ്ഞ്‌ അധിക ബാച്ചുകൾകൂടി പ്രഖ്യാപിച്ചശേഷമേ ഉണ്ടാകൂ. പുതിയ ബാച്ചുകൾ വരികയാണെങ്കിൽ അവിടങ്ങളിലെ ഇഷ്ടവിഷയങ്ങളിലേക്ക്‌ നിലവിൽ പ്രവേശനം ലഭിച്ചവർക്ക്‌ മാറിയെത്താനും അവസരം ലഭിക്കും.