കേരളത്തിൽ കാലവർഷമെത്തി, ഇത്രയും നേരത്തേ എത്തുന്നത് 16 വർഷത്തിനുശേഷം

കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ് 23നാണ് കാലവർഷം എത്തിയത്.  സാധാരണ ജൂൺ ഒന്നോടു കൂടിയാണ് കാലവർഷം എത്തുന്നത്. 2024ൽ മേയ് 30നും 2023ൽ ജൂൺ എട്ടിനും 2022ൽ മേയ് 29നുമാണ് കാലവർഷം എത്തിയത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.  അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കുകയും വേണം.

അടുത്ത ഒരാഴ്ച പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തമാകും. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക–ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടു. വടക്കോട്ടു നീങ്ങി 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കും. 27 ന് മധ്യ പടിഞ്ഞാറൻ– വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനിടയുണ്ട്. 27 വരെ അതിശക്തമായ മഴയ്ക്കാണു സാധ്യത.