ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുണ്ടോ? ഈ രാജ്യങ്ങളിൽ വണ്ടിയോടിക്കാം..

ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന് (IDP) നിങ്ങൾക്ക് അപേക്ഷിക്കാം. പരമാവധി 30 വർക്കിങ് ഡേയ്സ് വരെ എടുക്കുമെന്നതിനാൽ ഈയൊരു കാലതാമസം മുൻകൂട്ടി കണ്ട് അപേക്ഷ നൽകണമെന്നു മാത്രം. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായി സാധുതയുള്ള രാജ്യങ്ങൾ നിരവധിയുണ്ട്.

അമേരിക്ക

അമേരിക്കയില്‍ വാഹനം ഓടിക്കുന്നതിന് ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിനൊപ്പം 1-94 ഫോമിന്റെ പകർപ്പു കൂടി കരുതണമെന്നു മാത്രം. അമേരിക്കയിൽ സ്ഥിരതാമസമല്ലാത്തവരുടെ യാത്രകളുടെ വിശദാംശങ്ങളടങ്ങുന്ന രേഖയാണിത്. അമേരിക്കയിൽ റോഡിന്റെ വലതു വശം ചേർന്നാണ് വാഹനം ഓടിക്കേണ്ടതെന്ന കാര്യം മറക്കരുതെന്നു മാത്രം.

ഓസ്‌ട്രേലിയ

ന്യൂ സൗത്ത് വെയ്ൽസ്, ക്യൂൻസ് ലാൻഡ്, തെക്കൻ ഓസ്ട്രേലിയ, ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറി എന്നിങ്ങനെ ഓസ്ട്രേലിയയുടെ പലഭാഗങ്ങളിലും ഒരു വർഷം വരെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാനാവും. എന്നാൽ വടക്കൻ മേഖലയിൽ മൂന്നു മാസം മാത്രമാണ് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാനാവുകയെന്ന് ഓർമ വേണം. നിങ്ങളുടെ ലൈസൻസിന് ഏതൊക്കെ വിഭാഗത്തിൽ പെട്ട വാഹനങ്ങൾ ഓടിക്കാനാണ് അനുമതിയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ന്യൂസീലൻഡ്

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് സാധുതയുള്ള മറ്റൊരു രാജ്യമാണ് ന്യൂസീലൻഡ്. കാർ വാടകയ്ക്കെടുക്കണമെങ്കിൽ 21 വയസ്സ് തികയണമെന്നതും നിങ്ങളുടെ ലൈസൻസ് ഇംഗ്ലീഷിലുള്ളതായിരിക്കണമെന്നതും മാത്രം ശ്രദ്ധിക്കണം. പരമാവധി ഒരു വർഷം ഇന്ത്യയിലെ ലൈസൻസ് ഉപയോഗിക്കാനാവും.

ജർമനി

വേഗനിയന്ത്രണമില്ലാതെ വാഹനം ഓടിക്കണോ? അതിന് അനുമതിയുള്ള രാജ്യമാണ് ജർമനി. ജർമനിയിലെ ഓട്ടോബാൻസ് അല്ലെങ്കിൽ ഹൈവേകളിൽ നിശ്ചിത ഭാഗങ്ങളിൽ വേഗ നിയന്ത്രണമില്ല. നിങ്ങൾക്കിഷ്ടമുള്ളത്ര വേഗത്തിൽ വാഹനം പറപ്പിക്കാം. ആറു മാസം വരെയാണ് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ജർമനിയിൽ ഉപയോഗിക്കാനാവുക. വലതു വശം ചേർന്നാണ് ഇവിടെ വാഹനം ഓടിക്കേണ്ടത്.

ഫ്രാൻസ്

ഫ്രാൻസില്‍ വാഹനം ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസൻസിന്റെ ഔദ്യോഗികമായി തർജമ ചെയ്ത രേഖകൾ കൂടി കയ്യിൽ കരുതണമെന്നു മാത്രം. ഒരു വർഷം വരെയാണ് ഫ്രാൻസിൽ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാനാവുക. വലതു വശം ചേർന്നാണ് ഫ്രാൻസിലും വാഹനം ഓടിക്കേണ്ടത്.

സ്വിറ്റ്സർലൻഡ്

യൂറോപ്പിലെ ഈ മനോഹര രാജ്യത്തും നിങ്ങൾക്ക് ഇന്ത്യൻ ഡവിങ് ലൈസൻസുപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതിയുണ്ട്. ഒരു വർഷം വരെയാണ് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് അനുമതി. വലതുവശം ചേർന്നുവേണം സ്വിറ്റ്സർലൻഡിൽ വാഹനം ഓടിക്കാൻ.

ദക്ഷിണാഫ്രിക്ക

ഒരു വർഷം വരെ ഇന്ത്യയിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ദക്ഷിണാഫ്രിക്കയിൽ ഉപയോഗിക്കാനാവും. ഇന്ത്യയിലേതുപോലെ ഇടതുവശം ചേർന്നാണ് ഇവിടെ വാഹനം ഓടിക്കേണ്ടത്.

യുകെ

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയ്ൽസ് എന്നീ നാടുകളിലും ഇന്ത്യൻ യാത്രികർക്ക് നമ്മുടെ ഡ്രൈവിങ് ലൈസൻസുമായി വാഹനങ്ങൾ ഓടിക്കാം. ലൈറ്റ് മോട്ടർ വെഹിക്കിൾ ഓടിക്കാനുള്ള ലൈസൻസാണെങ്കിൽ അത്തരം വാഹനങ്ങൾ മാത്രം ഓടിക്കാനായിരിക്കും അനുമതി. പരമാവധി ഒരു വർഷം വരെ ഇന്ത്യൻ ലൈൻൻസ് മതി ബ്രിട്ടനിൽ വാഹനം ഓടിക്കാൻ.