മാലിന്യം തള്ളൽ വാട്സ്ആപ്പ് പരാതികളിലൂടെ ഈടാക്കിയത് 30. 67 ലക്ഷം രൂപ

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പിന് വാട്‌സാപ്പിലൂടെ ലഭിച്ച പരാതികൾ നിന്ന് ചുമത്തിയത് 30.67 ലക്ഷം രൂപ. മേയ് 17 വരെയുള്ള കണക്കാണിത്. ഇതിൽ 14,50,930 രൂപ വകുപ്പ് ഇതിനോടകം ഈടാക്കി.

‘സിംഗിൾ വാട്‌സാപ് സംവിധാനം നിലവിൽ വന്നശേഷം സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ നിന്ന് ഇതുവരെ 7,921 പരാതികളാണ് ലഭിച്ചത്. അതിൽ കുറ്റക്കാരെ തിരിച്ചറിയാനുള്ള 4,772 പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുകയും 3,905 പരാതികൾ തീർപ്പാക്കുകയും ചെയ്തു. നിയമലംഘനം നടത്തിയവരിൽ നിന്നും ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനം പരാതി സമർപ്പിച്ചവർക്കുള്ള പാരിതോഷികമാണ്. ഇതിനകം 37 പേർക്കുള്ള പാരിതോഷികമായി 21,750 രൂപയും പ്രഖ്യാപിച്ചു. ഇതിനുപുറമേ നിയമലംഘനം നടത്തിയ 26 പേരുടെ മേൽ പ്രോസിക്യൂഷൻ നടപടികളും പുരോഗമിക്കുകയാണ്.

പാരിതോഷികം 2,500 രൂപ വരെ

മാലിന്യ സംസ്ക്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നവർക്ക് പാരിതോഷികമായി 2,500 രൂപ വരെയാണ് ലഭിക്കുന്നത്. പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരുടെ മുഖമോ,വാഹന നമ്പറോ മറ്റും വ്യക്തമാകുംവിധം ഫോട്ടോ/വീഡിയോ പകർത്തി 9446700800 എന്ന വാട്‌സപ്പ് നമ്പറിലൂടെ പരാതി അറിയിക്കാം.