പെരുമ്പളം പാലം സെപ്റ്റംബറിൽ തുറന്നേക്കും

പെരുമ്പളം പാലം നിർമാണം പൂർത്തിയാക്കി സെപ്റ്റംബറിൽ തുറന്നു നൽകാൻ കഴിഞ്ഞേക്കുമെന്നു സൂചന. പാലം നിർമാണം 95 ശതമാനത്തോളം പൂർത്തിയായി. പാലത്തിന്റെ പടിഞ്ഞാറേ കരയായ വടുതല ജെട്ടി ഭാഗത്തെയും കിഴക്കേ കരയായ പെരുമ്പളം പൂവംതറ ഭാഗത്തെയും അപ്രോച്ച് റോഡ് നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പൂവംതറഭാഗം ചതുപ്പ് പ്രദേശമായതിനാൽ തെങ്ങുംകുറ്റി, ഗ്രാവൽ തുടങ്ങിയവ ഉപയോഗിച്ച് 150 മീറ്റർ നീളം ഉയർത്തിയ ശേ ഷമാണ് അപ്രോച്ച് റോഡ് നിർമാണം നടത്തുന്നത്. ഗ്രാവലും തെങ്ങിൻകുറ്റികളും ഇറക്കി ജോലികൾ പുരോഗമിക്കുകയാണ്.

വടുതല ജെട്ടി ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണവും പുരോഗമിക്കുകയാണ്. വടുതല ജെട്ടി ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണത്തിനായി 79 സെന്റ് സ്ഥലം ഏറ്റെട‌ുത്തിട്ടുണ്ട്. 300 മീറ്റർ റോഡ്, ഇരുവശത്തും ഓട, ഒരു കലുങ്ക് എന്നിവ നിർമിക്കുന്നുണ്ട്. പൂവംതറ ഭാഗത്ത് 189 സെന്റ് സ്ഥലം അപ്രോച്ച് റോഡിനായി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെയും 300 മീറ്റർ നീളത്തിൽ റോഡ് നിർമിക്കും. ഒരു കലുങ്കും നിർമിക്കും.

ഇരുവശങ്ങളിലും ഓരോ മീറ്റർ നടപ്പാതയും കാനയും ഉൾപ്പെടെ 9.5 മീറ്ററാണ് അപ്രോച്ച് റോഡുകളുടെ വീതി. 1155 മീറ്ററാണ് പാലത്തിന്റെ നീളം. തെരുവു വിളക്ക് സ്ഥാപിക്കൽ ടാറിങ്, പെയിന്റിങ് തുടങ്ങിയവയാണ് ഇനി പാലത്തിൽ ചെയ്യാനുള്ളത്. സംസ്ഥാനത്തെ കായലിലെ ഏറ്റവും നീളമേറിയ പാലമാകും ഇത്. ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ് വീതി. പാലത്തിനു മധ്യത്തിൽ മൂന്നു ആർച്ച് ബീമുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ 12 മീറ്റർ വീതിയുണ്ട്. കിഫ്ബിയിൽ 100 കോടി രൂപയാണു ചെലവ്. 2016 – 2017 വർഷത്തെ സംസ്ഥാന ബജറ്റിലേതാണ് പദ്ധതി. 2021 ജനുവരിയിലാണ് തറക്കല്ലിട്ടത്.

കഴിഞ്ഞ ഡിസംബറിൽ പാലം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സാങ്കേതിക തടസ്സങ്ങളാലാണു വൈകിയത്. വരുന്ന മഴക്കാലം നിർമാണത്തെ ബാധിച്ചേക്കാമെന്ന നിഗമനത്തിലാണ് സെപ്റ്റംബറിൽ പൂർത്തിയാക്കൽ ലക്ഷ്യമിട്ടിരിക്കുന്നതെന്നു നിർമാണ നേതൃത്വം വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണ കരാറുകാർ. വള്ളവും ബോട്ടും ജങ്കാറും മാത്രം യാത്രാ സൗകര്യമായുള്ള പെരുമ്പളം ദ്വീപ് നിവാസികൾക്കു പാലം വലിയ അനുഗ്രഹമാകും. പാലം തുറന്നാൽ പെരുമ്പളത്തു നിന്നും വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആർടിസി ബസ് സർവീസുകൾ തുടങ്ങുന്നതിന്റെ നടപടികളും പുരോഗമിക്കുന്നുണ്ട്.