

കിടക്കാന്‍ പോകുമ്പോള്‍ കട്ടിലില്‍ തന്നെ ഇരുന്ന് ഫോണില്‍ തോണ്ടല് ഇന്ന് പലരുടെയും ഒരു ഇഷ്ടവിനോദമാണ്. നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ഈ ശീലം പക്ഷേ ഉറക്കമില്ലായ്മ ഉള്‍പ്പെടെ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദുശ്ശീലം ഉറക്കമില്ലായ്മ 59 ശതമാനം വര്‍ധിപ്പിക്കുമെന്നും നിങ്ങളുടെ ഉറക്ക സമയം 24 മിനിട്ട് വച്ച് കുറയ്ക്കുമെന്നും നോര്‍വേയില്‍ നടന്ന പഠനം പറയുന്നു. മുതിര്‍ന്നവരായ 45,202 പേരിലാണ് പഠനം നടത്തിയത്.
ഉറങ്ങാന്‍ ബുദ്ധിമുട്ട്, ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വച്ച് കുറഞ്ഞത് മൂന്ന് മാസമായി തുടരുന്ന പകലുറക്കം എന്നിവയെല്ലാം ഇന്‍സോംനിയ അഥവാ ഉറക്കമില്ലായ്മയുടെ ലക്ഷണമാണ്. കിടക്കയിലെ എല്ലാ തരത്തിലുമുള്ള സ്ക്രീനുകളുടെയും ഉപയോഗം ഇതിലേക്ക് നയിക്കാമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് ഫോണ്‍, ലാപ്ടോപ്, ടിവി, കിന്‍ഡില്‍ എന്നിങ്ങനെ വ്യത്യാസമില്ല. സാമൂഹിക മാധ്യമങ്ങളുടെ തന്നെ ഉപയോഗം വേണമെന്നില്ല. കിടക്കയിലെ സ്ക്രീന്‍ ഉപയോഗിച്ചുള്ള സിനിമ കാണല്‍, പുസ്തക വായന എന്നിവ പോലും ദോഷം ചെയ്യാം.
ഈ ഉപകരണങ്ങളില്‍ നിന്നുളള നീല വെളിച്ചം റെറ്റിനയില്‍ പതിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തലച്ചോറിലെ കേന്ദ്രത്തിലുള്ള കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. ഉറങ്ങാനുള്ള ഈ താമസം പിന്നീട് ഉണരാനുള്ള സമയത്തെ ബാധിക്കുകയും മൊത്തം ഉറക്കക്രമത്തെയും ആന്തരിക ക്ലോക്കായ സിര്‍കാഡിയന്‍ റിഥത്തെയും ബാധിക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയ്ക്ക് പുറമേ ഹ്രസ്വകാല ഓര്‍മ്മ നഷ്ടം, ദേഷ്യം, മൂഡ് മാറ്റങ്ങള്‍, പകല്‍ തലവേദന പോലുള്ള പ്രശ്നങ്ങള്‍ ഇതുണ്ടാക്കാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.